"കുഞ്ഞനന്തന്റെ കട" എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് നെെല ഉഷ. നടി എന്നതിലുപരി അവതാരകയായും റേഡിയോ ജോക്കിയുമായെല്ലാം മലയാളികളുടെ മനസിലിടം നേടി. "ഹലോ ഗുഡ് മോർണിംഗ് ..." എന്ന ശബ്ദത്തോടെ ദുബായിലെ മലയാളികൾക്കിടയിലും നെെല താരമായി. റേഡിയോ ജോക്കിയായി തിളങ്ങുമ്പോഴും മികച്ച കഥാപാത്രങ്ങൾ കിട്ടിയാൽ മലയാള സിനിമയിലേക്ക് ഓടിയെത്താൻ നൈല സമയം കണ്ടെത്താറുണ്ട്. പുണ്യാളൻ അഗർബത്തീസ്, ഗാങ്സ്റ്റർ, ഫയർമാൻ,പത്തേമാരി, ദിവാഞ്ചിമൂല, ലൂസിഫർ തുടങ്ങിയ ചിത്രത്തിലെല്ലാം ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു. നാല് വർഷത്തിന് ശേഷം ഹിറ്റ്മേക്കർ ജോഷി സംവിധാനം ചെയ്യുന്ന "പൊറിഞ്ചു മറിയം ജോസി "ലെ മറിയം എന്ന ടെെറ്റിൽ കഥാപാത്രമായി പ്രേഷകരിലേക്ക് എത്തുന്ന നെെല സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
?"പൊറിഞ്ചുമറിയം ജോസി"ലെ മറിയം
മലയാളത്തിലെ മാസ്റ്റർ സിനിമാ സംവിധായകരിലൊരാളായ ജോഷി സാറിന്റെ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. ചിത്രത്തിൽ ടെെറ്റിൽ റോളാണ് ചെയ്യുന്നത്. ശക്തമായ ഒരു കഥാപാത്രമാണ് ചിത്രത്തിലെ മറിയം. ഈ കഥാപാത്രത്തെ ഉൾക്കൊണ്ട് എന്റേതായ രീതിയിൽ ചെയ്യാനുള്ള സ്വതന്ത്ര്യം സംവിധായകൻ തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങളുണ്ടാക്കിയ മാജിക്കിനെ കുറിച്ച് പലപ്പോഴും ആലോചിക്കാറുണ്ട്. സിനിമയിൽ അഭിനയിക്കാൻ വരുന്ന എല്ലാവരുടെയും ഒരു സ്വപ്നം ആണ് ഹിറ്റ് മേക്കർ ജോഷി സാറിന്റെ ചിത്രത്തിൽ അഭിനയിക്കുക എന്നത്. ഈ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് വല്യ ഭാഗ്യമായി കാണുന്നു.
ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി വേഷമിടുന്ന ജോജു ജോർജും ചെമ്പൻ വിനോദും നല്ല സുഹൃത്തുക്കളാണ്. ചെമ്പൻ വിനോദിനെ ഈ സിനിമയിലൂടെയാണ് പരിചപ്പെട്ടതെങ്കിലും ജോജുവിനെ കാലങ്ങളായി അറിയാം. ഇവർക്ക് രണ്ട് പേർക്കൊപ്പവും അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അവരുടെ സൗഹൃദത്തിന്റെ പുറത്ത് സിനിമയിലെ പല രംഗങ്ങളും ഈസിയായി ചെയ്യാൻ സാധിച്ചു. വളരെ മനോഹരമായിട്ടുള്ള സ്ക്രിപ്പ്റ്റഡ് സിനിമയാണ് പൊറിഞ്ചു മറിയം ജോസ്.
?"കുഞ്ഞനന്തന്റെ കട"യിൽ മമ്മൂട്ടിക്കൊപ്പം "ലൂസിഫ"റിൽ മോഹൻലാലിനൊപ്പം
മലയാളത്തിലെ രണ്ട് മഹാനടന്മാരോടൊപ്പവും അഭിനയിക്കാൻ സാധിച്ചു. രണ്ട് പേരുടെയും കൂടെ അഭിനയിക്കാൻ സാധിച്ചത് നല്ല അനുഭവമായിരുന്നു. ആദ്യ സിനിമയായ "കുഞ്ഞനന്തന്റെ കട"യിലൂടെ മമ്മൂക്കയ്ക്കൊപ്പമായിരുന്നു തുടക്കം. മുമ്പ് റേഡിയോയുടെ ഭാഗമായി പരിചയപ്പെട്ടിട്ടുണ്ടെങ്കിലും മമ്മൂക്കയെ നേരിട്ട് കണ്ട് സംസാരിക്കുന്നത് പോലും ഈ സിനിമയുടെ സെെറ്റിൽ വച്ചാണ്. പിന്നീട് അദ്ദേഹമാണ് എന്നെ സിനിമയിലേക്ക് റെക്കമെന്റ് ചെയ്യുന്നത്. കുഞ്ഞനന്തന്റെ കടയുടെ കാസ്റ്റിംഗ് സമയത്ത് മലയാളം നന്നായി പറയുന്ന ഒരു അഭിനേത്രിയെ വേണമെന്നായിരുന്നു ആവശ്യം. കൂടാതെ ലൈവ് ഡബ്ബിംഗ് ചെയ്യാനും ഡയലോഗ് കാണാതെ പഠിക്കാനും സാധിക്കണം എന്ന നിർദ്ദേശവും. അങ്ങനെ ആർ.ജെ. ആയിരുന്ന എന്നെ അദ്ദേഹം റക്കമെന്റ് ചെയ്യുകയായിരുന്നു. മമ്മൂക്കയെ നേരിട്ട് കാണുമ്പോൾ ഭയങ്കര അത്ഭുതായിരുന്നു. ഒപ്പം കൗതുകവും.
ലാലേട്ടനെ മുമ്പ് കണ്ട് പരിചയമുണ്ടായിരുന്നു. "ലൂസിഫ"റിലാണ് ലാലേട്ടനൊപ്പം ആദ്യമായി അഭിനയിക്കുന്നത്. ലൂസിഫറിൽ ഒരു ദിവസത്തേ ഷൂട്ട് മാത്രമേ ഉണ്ടായിരുന്നുവെങ്കിലും ലാലേട്ടനോടൊത്തുള്ള സീനൊക്കെ വളരെ എൻജോയി ചെയ്ത് അഭിനയിച്ചു.
രണ്ട്പേരും വ്യത്യസ്ത സ്വഭാവമുള്ള മഹാനടന്മാരാണ്. പുതുതായി സിനിമയിലേക്ക് വരുന്ന നടിനടന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവർ. തങ്ങൾ വലിയ നടന്മാരാണെന്ന യാതൊരു ഭാവവുമില്ല. ബുദ്ധിമുട്ടായി തോന്നുന്ന സീനുകൾ എങ്ങനെ ചെയ്യണമെന്ന് ഇരുവരും പറഞ്ഞ് മനസിലാക്കിത്തരാറുണ്ട്.
?എന്നും പ്രിയം റേഡിയോ ജോക്കിയോട്
ഏറെ പ്രിയമുള്ള ജോലി റേഡിയോ ജോക്കി തന്നെയാണ്. ദുബായിൽ ഹിറ്റ് എഫ്.എം 96.7യിലെ മോർണിംഗ് പ്രസന്റെറാണ്. പാഷനായിട്ട് ചെയ്യുന്ന ജോലിയാണ് റേഡിയോ ജോക്കി. രാവിലെ ആറ് മണിക്ക് തുടങ്ങുന്ന ഷോ നീണ്ട അഞ്ച് മണിക്കൂറോളം തുടരും. ഗുഡ് മോർണിംഗ് എന്ന് പറഞ്ഞ് ആരംഭിക്കുന്ന ഷോയ്‌ക്ക് ദുബായിലെ മലയാളികൾ കാതോർക്കും. ഈ ജോലി കുറെ കാലംകൂടി തുടരാനാണ് ആഗ്രഹം അതുപോലെ തന്നെയാണ് ടെലിവിഷനിലും.
?സിനിമകളിലേക്കുള്ള നീണ്ട ഇടവേളകൾ
ദുബായിൽ ആർ.ജെ ആയി ജോലി ചെയ്യാൻ തുടങ്ങിയിട്ട് 15 വർഷമായി. ഈ തിരക്കിനിടയിൽ ഒരുപാട് സിനിമകളൊന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ലീവ് കിട്ടുന്ന സമയത്ത് നല്ല കഥകളും കഥാപാത്രങ്ങളും അനുസരിച്ച് ചിത്രം ചെയ്യുന്നു. അത്കൊണ്ടാണ് ഈ നീണ്ട ഇടവേളകൾ വരുന്നത്. ഒരു വർഷത്തിൽ കിട്ടുന്ന ലീവ് അനുസരിച്ച് ഒന്നാ രണ്ടോ സിനിമകൾ മാത്രമേ ചെയ്യാറുള്ളു. നല്ല സിനിമകൾ ചെയ്യുന്ന സമയത്ത് ഒരു തൃപ്തി വേണം. അത്തരത്തിൽ സമയവും കഥയും നോക്കിയിട്ടേ സിനിമകൾ തെരഞ്ഞെടുക്കാറുള്ളൂ. സിനിമകളിൽ സെലക്ടീവ് ആയതുകൊണ്ടല്ല നീണ്ട ഇളവേളകൾ വരുന്നത്. ഇത്തരത്തിൽ വളരെപെട്ടെന്ന് ചെയ്ത ഒരു സിനിമയായിരുന്നു ഫയർമാൻ. ചിത്രത്തിൽ ഒരു ബോൾഡ് ആയിട്ടുള്ള പൊലീസ് ഒഫീസറുടെ വേഷമായിരുന്നു.
?ദുബായ് ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ച
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ നേരിൽ കണ്ടതിന്റെ സന്തോഷം ഒന്ന് വേറെതന്നെയായിരുന്നു. ദുബായിൽ ജീവിക്കുന്ന ഏതൊരാൾക്കുമുള്ള ആഗ്രഹമായിരിക്കും ദുബായ് ഭരണാധികാരിയെ നേരിൽ കാണുക എന്നത്. അവിടെയുള്ളവർക്ക് അദ്ദേഹം ഒരു രാജാവെന്നതിൽ ഉപരി ദൈവത്തെ പോലെയാണ്. ഏറെ ബഹുമാനത്തോടെ നോക്കിക്കാണുന്ന വ്യക്തിത്വം. അദ്ദേഹം ഒരുക്കിയ സ്പെഷ്യൽ ഇഫ്‌താറിൽ നേരിട്ട് കാണാനുള്ള ഭാഗ്യമാണ് എനിക്ക് ലഭിച്ചത്.
എന്നാൽ, കടുത്ത നടപടിക്രമങ്ങളാണ് ദുബായിലേത്. ചട്ടവിരുദ്ധമായ കാര്യങ്ങൾ കണ്ടാൽ അവർക്ക് ശിക്ഷ ഉറപ്പാണ്. ഹാപ്പിനസിനു വേണ്ടിയുള്ള ഒരു മിനിസ്ട്രിതന്നെ ഇവിടെയുണ്ട്. തങ്ങളുടെ രാജ്യത്ത് ജീവിക്കുന്നവർ സന്തോഷത്തോടെയിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണിവർ.
ദുബായ് ജീവിതം സുഖം
ജീവിക്കാൻ ഏറ്റവും കംഫേർട്ടബിളായിട്ടുള്ള സ്ഥലമാണ് ദുബായ്. പ്രെെവസിയോടുകൂടി താമസിക്കാൻ ഇവിടം സുരക്ഷിതമാണ്. സ്വദേശം തിരുവനന്തപുരമാണെങ്കിലും അച്ഛന് അവിടെയായിരുന്നു ജോലി. നാട്ടിലെ പഠനത്തിന് ശേഷം 22മത്തെ വയസിലാണ് തിരികെ ദുബായിലേക്കെത്തിയത്. നാട്ടിലുള്ളതിനേക്കാൾ കുറച്ചു കൂടി സ്വാതന്ത്ര്യം കിട്ടിയെന്ന് തോന്നിയത് ദുബായിലെത്തിയപ്പോഴാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |