ശബരിമല : തീർത്ഥാടകരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാൻ ദേവസ്വം ബോർഡ് ആവിഷ്കരിച്ച പ്രീപെയ്ഡ് ഡോളി സർവീസ് ഉടൻ നടപ്പാക്കും. കൗണ്ടറുകളും നിരക്കും നിശ്ചയിച്ചു. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി ഹൈക്കോടതിയുടെ അനുമതി ലഭിക്കുന്നതോടെ പ്രവർത്തനം തുടങ്ങും.
ചൂരൽകസേരയിൽ കമ്പുകൾ കെട്ടി നാലുപേർ ചുമക്കുന്നതാണ് ഡോളി സർവീസ്. ശാരീരിക ബുദ്ധിമുട്ടുള്ളവരാണ് പമ്പയിൽ നിന്ന് മലകയറുന്നതിനും ഇറങ്ങുന്നതിനും ഡോളിയെ ആശ്രയിക്കുന്നത്. തൊഴിലാളികൾ തീർത്ഥാടകരോട് അമിതകൂലി വാങ്ങുന്നതായും മോശമായി പെരുമാറുന്നതായുമുള്ള പരാതിയെ തുർന്നാണ് പ്രീ പെയ്ഡ് ഡോളി സർവീസ് തുടങ്ങാൻ തീരുമാനിച്ചത്. അമിത കൂലി നൽകാത്തതിന് തീർത്ഥാടകരോട് മോശമായി പെരുമാറി വഴിയിൽ ഇറക്കിവിട്ടതിനെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡോളി തൊഴിലാളികൾ നേരത്തെ പണിമുടക്കിയിരുന്നു. സമരത്തെ വിമർശിച്ച ഹൈക്കോടതി പ്രീപെയ്ഡ് സംവിധാനം അടിയന്തരമായി നടപ്പാക്കാൻ ബോർഡിന് നിർദ്ദേശം നൽകിയിരുന്നു.
മൂന്ന് കൗണ്ടറുകൾ
പമ്പ, നീലിമല, സന്നിധാനം എന്നിവിടങ്ങളിലാണ് കൗണ്ടറുകൾ. ഇവിടെ ബോർഡിന്റെ ജീവനക്കാരെ നിയോഗിക്കും. ആവശ്യക്കാർ കൗണ്ടറുകളിൽ എത്തണം. ശരീരഭാരം തൂക്കിനോക്കിയ ശേഷം ഡോളി സേവനം ഉപയോഗപ്പെടുത്താം. ഉപഭോക്താക്കൾ കൗണ്ടറിൽ അടയ്ക്കുന്ന തുകയിൽ നിന്ന് ദേവസ്വം ജീവനക്കാർ തൊഴിലാളികൾക്ക് കൂലി നൽകും.
പുതിയ നിരക്ക്
ഒരുവശത്തേക്ക് മിനിമം 4250 രൂപയാക്കാനാണ് ബോർഡിന്റെ തീരുമാനം. നിലവിൽ ഇത് 3250 രൂപയാണ്. ഉപഭോക്താവിന്റെ ശരീരഭാരം അടിസ്ഥാനമാക്കി തുകയിൽ മാറ്റം വരും. ഒരു ഡോളിയിൽ കൂടുതൽ ആളുകളെ കയറ്റി തോന്നുംപോലെ കൂലി വാങ്ങുന്നത് തടയും.
80 കിലോ വരെ ശരീരഭാരമുള്ള ആൾക്കാണ് 4250 രൂപ. 80 മുതൽ 100 കിലോഗ്രാം വരെ 5000 രൂപയും നൂറ് കിലോയ്ക്ക് മുകളിൽ 6000 രൂപയുമാണ് ഒരുവശത്തേക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |