കൊല്ലം: കൊല്ലം തീരത്ത് ഓയിൽ ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഇന്ധന പര്യവേക്ഷണം അടുത്തവർഷം സെപ്തംബറിൽ ആരംഭിക്കാൻ സാദ്ധ്യത. പര്യവേക്ഷണ കരാർ ഏറ്റെടുത്തിരിക്കുന്ന യു.കെ ആസ്ഥാനമായ ഡോൾഫിൻ ഡ്രില്ലിംഗിന്റെ ഉപകരാർ കമ്പനിയായ ആര്യ ഓഫ് ഷോർ പ്രതിനിധികൾ ഇന്നലെ കൊല്ലം പോർട്ട് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. കൊല്ലം പോർട്ട് അധികൃതരുമായി ചർച്ചയും നടത്തി.
ഡോൾഫിൻ ഡ്രില്ലിംഗിന്റെ പര്യവേക്ഷണ റിഗായ ബ്ലാക്ക് ഫോർഡ് ഡോൾഫിൻ നിലവിൽ ആൻഡമാനിൽ പര്യവേക്ഷണത്തിനുള്ള ഒരുക്കത്തിലാണ്. അവിടെ ആഗസ്റ്റിൽ പര്യവേക്ഷണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. അതിന് പിന്നാലെ കൊല്ലം തീരത്തേക്ക് എത്തും. ആര്യ ഓഫ് ഷോർ സർവീസസ് ലിമിറ്റഡ് എം.ഡി യാക്കൂബ്, ലൊക്കേഷൻ മാനേജർ പി.ബി.കൃഷ്ണകുമാർ, പോർട്ട് ഓപ്പറേഷൻ മാനേജർ കെ.അനൂപ് കൃഷ്ണൻ, കേരള മാരിടൈം ബോർഡ് റീജിണൽ ഓഫീസർ ഇൻ ചാർജ് ക്യാപ്ടൻ പി.കെ.അരുൺകുമാർ, പർസർ ആർ.സുനിൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകളും ചർച്ചയും.
കൊല്ലം തീരത്ത് 48 കിലോ മീറ്റർ അകലെ ആഴക്കടലിൽ ഒരുവർഷം നീണ്ടുനിൽക്കുന്നതാണ് പര്യവേക്ഷണം. കൂറ്റൻ റിഗായ ബ്ലോക്ക്ഫോർഡ് ഡോൾഫിനിൽ ഹെലിപാഡുമുണ്ട്. ഇതിന് പുറമേ ഓയിൽ ഇന്ത്യ ഉദ്യോഗസ്ഥർക്ക് എത്താൻ ആശ്രാമം മൈതാനത്ത് ഹെലിപാഡ് സൗകര്യങ്ങളും പരിശോധിക്കുന്നുണ്ട്. റിഗിലെ ഉദ്യോഗസ്ഥരും ജീവനക്കാരും 15 ദിവസം കൂടുമ്പോൾ മാറും. ഇവർക്ക് നഗരത്തിലെ ഹോട്ടലുകളിലായിരിക്കും താമസ സൗകര്യം. പര്യവേക്ഷണത്തിനിടെ അപകടങ്ങൾ ഉണ്ടായാൽ പ്രവേശിപ്പിക്കാൻ ആശുപത്രി സൗകര്യങ്ങളും പരിശോധിക്കുന്നുണ്ട്.
ആഴക്കടലിൽ ഒരുവർഷം
പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതം
സ്ഥലനിർണയത്തിന് അതിനൂതന ജി.പി.എസ് സാങ്കേതികവിദ്യ
സീസ്മിക് സർവേ വെസലുകൾ ഇന്ധന സാന്നിദ്ധ്യം പരിശോധിക്കും
റിഗ് ഉപയോഗിച്ച് 300 മീറ്റർ വരെ ആഴത്തിൽ എണ്ണക്കിണർ സ്ഥാപിക്കും
ഇതിന് ശേഷം ആഴക്കടലിൽ പ്ലാറ്റ്ഫോം നിർമ്മിക്കും
കിണറിൽ നിന്ന് ഇന്ധനം ശേഖരിക്കാൻ പൈപ്പ് ലൈൻ
തേടുന്നത് വാതക, ഇന്ധന സാന്നിദ്ധ്യം
പ്രതീക്ഷിക്കുന്ന ചെലവ്
₹ 543 കോടി
പര്യവേക്ഷണ മേഖലയിൽ നിന്ന് ബോട്ടുകളും മറ്റ് യാനങ്ങളും അകറ്റാൻ ചുറ്റും ചെറുകപ്പലുകളുടെ ഭ്രമണം, പര്യവേക്ഷണ കപ്പലിന് ഇന്ധനവും ജീവനക്കാർക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കൽ, കൂറ്റൻ പൈപ്പ് ലൈൻ സംഭരണം, നിർമ്മാണ സാമഗ്രികൾ എത്തിക്കൽ, ഓഫീസ് സൗകര്യം എന്നിവ കൊല്ലം പോർട്ടിൽ കേന്ദ്രീകരിക്കുന്നത് വിലയിരുത്തി.
ക്യാപ്ടൻ പി.കെ.അരുൺകുമാർ
റീജിണൽ ഓഫീസർ ഇൻ ചാർജ്
കേരള മാരിടൈം ബോർഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |