പാലക്കാട്: കല്ലടിക്കോട് സിമന്റ് കയറ്റി വന്ന ലോറി മറിഞ്ഞ് നാല് കുട്ടികൾ മരിച്ച സംഭവത്തിൽ വൻ പ്രതിഷേധവുമായി നാട്ടുകാർ. നിരവധി പേർ മരണപ്പെട്ടത് റോഡിന്റെ ശോചനീയാവസ്ഥ കാരണമാണെന്നും, ഉത്തരവാദിത്തപ്പെട്ടവർ വന്ന് തീരുമാനമുണ്ടാക്കാതെ പിന്തിരിയില്ലെന്നും നാട്ടുകാർ വ്യക്തമാക്കി. നൂറിലധികം വരുന്ന പ്രദേശവാസികളാണ് സംഭവസ്ഥലത്ത് പ്രതിഷേധവുമായി എത്തിയിട്ടുള്ളത്.
''വരട്ടെ കളക്‌ടറോ മറ്റു വലിയ ആൾക്കാരോ വരട്ടെ...ഈ റോഡ് നന്നാക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്താണ്? ഈ വഴീക്കൂടെ ഞങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥയാ.. എന്ത് വിശ്വസിച്ച് കുട്ടികളെ വിടും. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇവിടുത്തെ അപകടം. പത്തറുപത് ആളുകളായി ഇവിടെ വച്ചു മരിക്കുന്നു. ഇതിനൊരു തീരുമാനം ഉണ്ടായിട്ട് പോയാൽ മതി എല്ലാവരും. ''- നാട്ടുകാർ ആവശ്യപ്പെട്ടു.
കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം. മണ്ണാർകാട് ഭാഗത്തേക്ക് സിമന്റുമായി പോയ ലോറിയാണ് മറിഞ്ഞത്. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ നാല് പെൺ കുട്ടികളാണ് മരിച്ചത്. ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്.
വൈകിട്ട് നാലുമണിയോടെ പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിനികൾ വീട്ടിലേക്കു മടങ്ങാൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി പാഞ്ഞുവരുന്നതു കണ്ട് ഒരു വിദ്യാർത്ഥിനി ചാടിമാറി. മറ്റു കുട്ടികളുടെ മുകളിലേക്കു ലോറി മറിയുകയായിരുന്നു. മൂന്ന് കുട്ടികൾ സംഭവ സ്ഥലത്ത് വച്ചും, ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മരിച്ച മൂന്ന് വിദ്യാർത്ഥികളുടെ മൃതദേഹം തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും ഒരു വിദ്യാർത്ഥിയുടെ മൃതദേഹം മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിലുമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |