കൊച്ചി: ഡി.ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാർച്ചിനു നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജുമായി ബന്ധപ്പെട്ട് എറണാകുളം സെൻട്രൽ എസ്.ഐ വിബിൻദാസിനെ സസ്‌പെൻഡ് ചെയ്‌തതിനു പിന്നാലെ, പൊലീസിനെ മർദ്ദിച്ചെന്ന കേസിൽ പാർട്ടിയുടെ പ്രാദേശിക നേതാവിനെ അറസ്റ്ര് ചെയ്തു. സി.പി.ഐ വാഴക്കുളം ലോക്കൽ കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് പെരുമ്പാവൂർ മണ്ഡലം ജോയിന്റ് സെക്രട്ടറിയുമായ മാറമ്പിള്ളി പൂവത്തിങ്കൽ അൻസാർ അലിയെയാണ് (33) പ്രത്യേക അന്വേഷണസംഘം അറസ്‌റ്റു ചെയ്‌തത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനയിൽ ഇ.സി.ജിയിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് അൻസാർ അലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് മജിസ്ട്രേട്ടിനു മുമ്പാകെ ഹാജരാക്കും.
ജൂലായ് 23 ന് കൊച്ചി റേഞ്ച് ഡി.ഐ.ജി ഓഫീസിലേക്കു നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പൊലീസുമായുള്ള ഉന്തിലും തള്ളിനുമിടയിൽ കൊച്ചി സിറ്റി പൊലീസ് അസി. കമ്മിഷണർ കെ. ലാൽജിയുടെ വയറ്റിൽ ഇടിച്ചത് അൻസാർ അലിയാണെന്നാണ് പൊലീസ് കണ്ടെത്തൽ. വയറിന് നീരു വന്ന് എ.സി.പി ലാൽജി ദിവസങ്ങളോളം ചികിത്സയിലായിരുന്നു.
മാറമ്പിള്ളിയിൽ ഓട്ടോറിക്ഷ ഡ്രൈവറായ അൻസാറിനെ സ്‌റ്റാൻഡിൽ നിന്നാണ് ജില്ലാ ക്രൈംബാഞ്ച് അസി. കമ്മിഷണർ ബിജി ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അതേസമയം എസ്.ഐയെ സസ്‌പെൻഡ് ചെയ്‌തതിനു പിന്നാലെയുള്ള അറസ്‌റ്റ് വിവാദങ്ങൾക്കും തിരികൊളുത്തി. സംഭവമുണ്ടായ ജൂലായ് 23 നു തന്നെ എൽദോ എബ്രഹാം എം.എൽ.എ, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, അസി. സെക്രട്ടറി കെ.എൻ. സുഗതൻ എന്നിവരുൾപ്പെടെ പത്തു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു. കണ്ടാലറിയാവുന്ന 800 പേരെയും പ്രതികളാക്കി. പിന്നീട് തുടർ നടപടി സ്വീകരിച്ചിരുന്നില്ല.
പക തീർക്കുന്നു
അൻസാർ അലിയെ ഇപ്പോൾ അറസ്‌റ്റ് ചെയ്‌തത് പൊലീസിന്റെ പകപോക്കലാണ്. കേസ് നിയമപരമായി നേരിടും. കള്ളക്കേസാണെടുത്തിരിക്കുന്നത്. അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം.
- പി. രാജു,
സി.പി.ഐ ജില്ലാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |