ഹൈബ്രിഡ് വൈദ്യുത കപ്പലിന് കീലിട്ടു
കൊച്ചി: ആഗോള മേഖലയില്‍ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി സൈപ്രസിലെ സ്വകാര്യ കമ്പനിയ്ക്കായി നിര്‍മ്മിക്കുന്ന പുതിയ ഹൈബ്രിഡ് വൈദ്യുതി കപ്പലിന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് കീലിട്ടു. വൈദ്യുതി വിനിയോഗിക്കുന്ന കപ്പലിന് ഭാവിയില്‍ മെത്തനോള്‍ ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് നിര്‍മ്മാണം.
പെലാജിക് വാലു എന്ന ഈ കപ്പല്‍ 2800 കിലോവാട്ട് ശേഷിയുള്ള ബാറ്ററി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുക. മലിനീകരണം പൂര്‍ണമായി ഒഴിവാകും. പുനരുപയോഗിക്കാവുന്ന ഇന്ധനമേഖലയ്ക്ക് ഉണര്‍വ് നല്‍കുന്ന കപ്പല്‍ രൂപകല്പന സുസ്ഥിര ഊര്‍ജമെന്ന ആഗോള ലക്ഷ്യം കൈവരിക്കുന്നതിനും സഹായമാകുമെന്ന് കപ്പല്‍ശാലാ അധികൃതര്‍ പറഞ്ഞു.
കൂടുതല്‍ സുരക്ഷിതത്വം, പ്രവര്‍ത്തനക്ഷമത, കടലിലെ സുഗമമായ പ്രവര്‍ത്തനം, കുറഞ്ഞ ഇന്ധന ഉപഭോഗം എന്നിവയും ഉറപ്പുവരുത്തുന്നതാണ്. 120 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തിലാണ് രൂപകല്പന.
നവീനത, സുസ്ഥിരത, ആഗോളസഹകരണം എന്നിവയില്‍ കപ്പല്‍ശാലയുടെ പ്രതിബന്ധത തെളിയിക്കുന്നതാണ് പുതിയ കപ്പലിന്റെ നിര്‍മ്മാണം. വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാറ്റാടിപ്പാടങ്ങളിലേയ്ക്ക് ജീവനക്കാരെ എത്തിക്കാന്‍ ഉള്‍പ്പെടെ ഉപയോഗിക്കാനാണ് സൈപ്രസ് ആസ്ഥാനമായ പെലാജിക് വിന്‍ഡ് സര്‍വീസസിന് വേണ്ടി കപ്പല്‍ നിര്‍മ്മിക്കുന്നത്. രണ്ടു കപ്പലുകളില്‍ ആദ്യത്തേതിന്റെ നിര്‍മ്മാണമാണ് ആരംഭിച്ചത്.
കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ പെലാജിക് വൈന്‍ഡ് സര്‍വീസസിന്റെ സി.ഇ.ഒ ആന്‍ഡ്രേ ഗ്രോയന്‍വെല്‍ഡ് കീലിടല്‍ നിര്‍വഹിച്ചു. കപ്പല്‍ശാല എക്സിക്യുട്ടീവ് ഡയറക്ടര്‍ എസ്. ഹരികൃഷ്ണന്‍, ഡയറക്ടര്‍ കെ.എന്‍. ശ്രീജിത്ത് എന്നിവരും പങ്കെടുത്തു.
നീളം 93 മീറ്റര്‍
ആഴം 19.5 മീറ്റര്‍
ബാറ്ററിശേഷി 2800 കിലോവാട്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |