തിരുവനന്തപുരം: ജനങ്ങളുമായുള്ള സമ്പർക്കത്തിൽ ഇടിവ് തട്ടാതെ മുന്നോട്ടു പോകാനുള്ള ജാഗ്രത പാർട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള പ്രവർത്തകരിലും നേതാക്കളിലുമുണ്ടാകണമെന്ന് സി.പി.എം നിർദ്ദേശം.
ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിലുള്ള തിരുത്തൽ പ്രക്രിയയുടെ ഭാഗമായി സംസ്ഥാന സെക്രട്ടേറിയറ്റിൽ തുടരുന്ന ചർച്ചയിലാണിത്. പാർട്ടി ഏറ്റെടുത്ത് നടത്തിയ ഗൃഹസന്ദർശന പരിപാടിയിലടക്കം ഉയർന്ന വിമർശനങ്ങളും അഭിപ്രായങ്ങളും ഉൾപ്പെടുത്തി ജില്ലാ ഘടകങ്ങളിൽ നിന്നുവന്ന റിപ്പോർട്ടുകൾ ക്രോഡീകരിച്ച് സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞദിവസം അവതരിപ്പിച്ച റിപ്പോർട്ടിന്മേലാണ് രണ്ടാം ദിവസവും ചർച്ച നടന്നത്. സെക്രട്ടേറിയറ്റ് ഇന്നും തുടരും. സി.പി.എം മന്ത്രിമാരുടെ വകുപ്പുകളുടെ പ്രവർത്തന അവലോകനവും ഇന്നുണ്ടാകും. നാളെ മുതൽ മൂന്ന് ദിവസത്തെ സംസ്ഥാനസമിതി യോഗത്തിൽ ഇതിന്മേലെല്ലാം വിശദമായ ചർച്ച നടക്കും.
ശബരിമല വിഷയത്തിൽ സ്ത്രീകൾക്കിടയിൽ തെറ്രിദ്ധാരണ ശക്തമാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. ഗൃഹസന്ദർശന പരിപാടിയുടെ തുടർച്ചയായി ജനസമ്പർക്കം മുറിയാതെ കൊണ്ടുപോകുന്നതിനുള്ള നിരന്തര ഇടപെടലുകളുണ്ടാകണം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് മറിഞ്ഞതിനർത്ഥം ജനങ്ങൾ രാഷ്ട്രീയമായി തങ്ങളോട് അകന്ന് പോയി എന്നല്ല. പാർട്ടിയുടെയും സർക്കാരിന്റെയും ഇടപെടലുകളിലും സമീപനങ്ങളിലും ചില സംശയങ്ങൾ അവരിലുണ്ടായിട്ടുണ്ട്. അത് സർക്കാരിന്റെ പ്രവർത്തനങ്ങൾ ശരിയായ നിലയിൽ ജനങ്ങളിലേക്കെത്തിക്കുന്നതിലും സർക്കാർ സമീപനം അവരെ ബോദ്ധ്യപ്പെടുത്തുന്നതിലും വന്ന വീഴ്ചയുടെ ഫലമാണ്. അവർക്ക് പറയാനുള്ളത് തുറന്ന് പറയാനും അത് തുറന്ന മനസ്സോടെ കേൾക്കാനുമുള്ള അവസരം പാർട്ടി പ്രവർത്തകർ ഉണ്ടാക്കണം. ശബരിമല പോലുള്ള വിഷയങ്ങളുയർത്തി പാർട്ടിയും ഇടതുപക്ഷവും വിശ്വാസികൾക്കും വിശ്വാസത്തിനുമെതിരാണെന്ന് വരുത്തിത്തീർക്കാനുള്ള ബോധപൂർവ്വമായ നീക്കങ്ങളാണുണ്ടായത്. അതല്ല യഥാർത്ഥ വസ്തുതയെന്ന് അവരെ ബോദ്ധ്യപ്പെടുത്താൻ നിരന്തര ഇടപെടലുകൾ വഴിയേ സാധിക്കൂ. വിശ്വാസികൾക്ക് പാർട്ടി എതിരല്ലെന്ന് വീട്ടമ്മമാരെയടക്കം ബോദ്ധ്യപ്പെടുത്താൻ അതാവശ്യമാണ്.
സർക്കാരിന്റെ പ്രവർത്തനങ്ങൾ പൊതുവെ ആക്ഷേപമില്ലാത്തതാണ്. എന്നാൽ സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിന് പ്രാഥമികമായ ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾക്കാണ്. തദ്ദേശ സ്ഥാപനങ്ങളുടെ കൂടി ഇടപെടലുകളിലൂടെയാണ് ഫലപ്രദമായി കാര്യങ്ങൾ ജനങ്ങളിലെത്തുക. ഇക്കാര്യം ഉൾക്കൊണ്ട് തദ്ദേശ സ്ഥാപനങ്ങളിലെ പാർട്ടി ജനപ്രതിനിധികൾ ജനങ്ങളുമായി കൂടുതൽ അടുത്തിടപഴകുകയും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുകയും സർക്കാർ കാര്യങ്ങൾ അവരിലേക്കെത്തിക്കുകയും വേണമെന്നും നിർദ്ദേശമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |