കുവൈത്ത് സിറ്റി: രാജ്യത്ത് 60 വർഷത്തിലേറെയായി നിലനിന്നിരുന്ന റെസിഡൻസി നിയമത്തിൽ മാറ്റം വരുത്തി പുതിയ നിയമം അവതരിപ്പിച്ച് കുവൈത്ത്. രാജ്യത്തിന്റെ ഇമിഗ്രേഷൻ നയം നവീകരിക്കാനും വിസ വ്യാപാരം, കുടിയേറ്റ തൊഴിലാളികളുടെ ചികിത്സ തുടങ്ങിയ ദീർഘകാല പ്രശ്നങ്ങൾ പരിഹരിക്കാനും ലക്ഷ്യമിട്ടാണ് നവംബർ 28ന് പുതിയ നിയമം ഭരണകൂടം അവതരിപ്പിച്ചത്.
പുതിയ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം കുവൈത്തി സ്ത്രീകളുടെ കുട്ടികൾക്ക് പത്ത് വർഷത്തെ റെസിഡൻസി നൽകുമെന്നതാണ്. കുവൈത്ത് പൗരത്വം നേടാത്ത കാലത്തോളം ഫീസ് നൽകാതെ ഈ റെസിഡൻസി പെർമിറ്റ് പുതുക്കാവുന്നതാണ്. മെഡിക്കൽ, വിദ്യാഭ്യാസ ആവശ്യത്തിനായി ഇവർ രാജ്യത്തിന് പുറത്ത് ആറ് മാസത്തിൽ കൂടുതൽ താമസിച്ചെന്ന കാരണത്താൽ ഈ റെസിഡൻസി പെർമിറ്റ് നഷ്ടമാകില്ല.
വിസ കച്ചവടത്തിന്റെ പേരിൽ നടക്കുന്ന ചൂഷണം തടയുന്നതിന് വേണ്ടിയാണ് പുതിയ നിയമം നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. റെസിഡൻസി പെർമിറ്റ്, വിസ പുതുക്കൽ എന്നിവ പണം ഈടാക്കി നൽകുന്നവർക്ക് കർശന പിഴ ചുമത്തും. തൊഴിലുടമകൾക്ക് അവരുടെ യഥാർത്ഥ റിക്രൂട്ട്‌മെന്റ് ആവശ്യത്തിനല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് പ്രവാസികളെ നിയമിക്കുന്നതിൽ നിന്ന് ഇപ്പോൾ വിലക്കുണ്ട്. ഇതുകൂടാതെ ശരിയായ അംഗീകാരമില്ലാതെ തൊഴിലാളികളെ മറ്റുള്ളവർ ജോലിക്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ചുമതല അവർക്കാണ്.
പുതിയ നിയമത്തിലെ മറ്റ് പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്ന് ഫാമിലി വിസയുമായി ബന്ധപ്പെട്ടതാണ്. ഫാമിലി വിസിറ്റ് വിസ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫീസ് നിശ്ചയിക്കുന്നത് ആഭ്യന്തരമന്ത്രാലയമാണ്. പുതിയ ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള കാത്തിരിപ്പ് കാലാവധി മുൻ തൊഴിലാളി പോയതിന് ശേഷം നാല് മാസമായി കുറച്ചു. നേരത്തെ ഇത് ആറ് മാസമായിരുന്നു.
ആറ് മാസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് കുവൈത്ത് മന്ത്രാലയം അറിയിക്കുന്നത്. എല്ലാ താമസക്കാർക്കും ന്യായമായ പരിഗണന ഉറപ്പാക്കുന്നതിനൊപ്പം സുതാര്യതയ്ക്കും ഉത്തരവാദിത്തത്തിനും സർക്കാരിന് പ്രതിബദ്ധതയുണ്ടെന്ന് റെസിഡൻസി ആൻഡ് സിറ്റിസൺഷിപ്പ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി പറഞ്ഞു. പുതിയ നിയമങ്ങൾ ഉടൻ തന്നെ കുവൈത്തിന്റെ വിസ വെബ്‌സൈറ്റുകളിൽ ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |