ഗാന്ധിനഗർ: ബന്ധുവിന്റെ വജ്രസ്ഥാപനത്തിൽ ജോലി ചെയ്യാനുള്ള മടിയെ തുടർന്ന് യുവാവ് സ്വന്തം കെെവിരലുകൾ മുറിച്ച് മാറ്റി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം നടന്നത്. യുവാവിന് ബന്ധുവിന്റെ വജ്രസ്ഥാപനത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്റായി ജോലി ചെയ്യാൻ താൽപര്യമുണ്ടായിരുന്നില്ല. ഇതേ തുടർന്ന് മൂർച്ചയേറിയ കത്തി ഉപയോഗിച്ച് സ്വയം തന്റെ വിരലുകൾ മുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
മയൂർ താരാപറ എന്ന 32 കാരനാണ് ഇത്തരം ഒരു കാര്യം ചെയ്തത്. താൻ റോഡിൽ ബോധരഹിതനായി വീണുവെന്നും ഈ സമയം തന്റെ വിരലുകൾ ആരോ മുറിച്ചുമാറ്റിയെന്നുമാണ് മയൂർ ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നാലെ അമ്രോളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണത്തിൽ മയൂർ തന്നെയാണ് വിരലുകൾ മുറിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
വരാച്ച മിനി ബസാറിലുള്ള ബന്ധുവിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന മയൂർ അവിടത്തെ ജോലി ഉപേക്ഷിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ജോലി നിർത്തുന്ന കാര്യം എങ്ങനെ ബന്ധുവിനോട് പറയണമെന്ന് അയാൾക്ക് അറിയില്ലായിരുന്നു. വിരലുകൾ നഷ്ടപ്പെട്ടാൽ ജോലി തനിയെ പോകുമെന്ന് കരുതിയാണ് ഇത്തരം ഒരു പ്രവൃത്തി യുവാവ് ചെയ്തത്.
സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചശേഷമാണ് പൊലീസ് മയൂർ തന്നെയാണ് ഇത് ചെയ്തതെന്ന് ഉറപ്പിച്ചത്. പിന്നാലെ യുവാവിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോൾ താൻ തന്നെയാണ് ചെയ്തതെന്ന തുറന്നുപറയുകയായിരുന്നു. മുറിച്ചുമാറ്റിയ മൂന്ന് വിരലുകളും കത്തിയും ഒരു പ്ലാസ്റ്റിക് ബാഗിൽ നിന്ന് പൊലീസ് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |