തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ എ.ഡി.ജി.പി എം.ആർ അജിത്കുമാറിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് സർക്കാരിന് റിപ്പോർട്ട് നൽകി. മേൽനോട്ടത്തിലും ഏകോപനത്തിലും ഗുരുതര വീഴ്ചയുണ്ടായി. ക്രമസമാധാന ചുമതലയുള്ള അജിത്കുമാർ ദിവസങ്ങൾക്കു മുൻപേ തൃശൂരിലുണ്ടായിട്ടും, പ്രശ്നങ്ങളുണ്ടായെന്ന് അറിഞ്ഞിട്ടും പൂരസ്ഥലത്ത് എത്തിയില്ലെന്നതടക്കം റിപ്പോർട്ടിലുണ്ട്. ദേവസ്വം ഭാരവാഹികളും സിറ്റിപൊലീസ് കമ്മിഷണറുമായി പ്രശ്നങ്ങളുണ്ടായത് മന്ത്രി കെ.രാജൻ പറഞ്ഞപ്പോൾ താൻ സ്ഥലത്തുണ്ടാവുമെന്നും ഇടപെടാമെന്നുമായിരുന്നു അജിത്തിന്റെ മറുപടി. പൂരം തടസ്സപ്പെട്ടപ്പോൾ പല തവണ എ.ഡി.ജി.പിയെ ഔദ്യോഗിക ഫോണിലും പേഴ്‌സണൽ നമ്പരിലേക്കും മന്ത്രി ആവർത്തിച്ച് വിളിച്ചെങ്കിലും ഫോണെടുത്തില്ല. ഉറങ്ങിപ്പോയെന്നായിരുന്നു അജിത്തിന്റെ മൊഴി. ക്രമസമാധാന ഏകോപനം വഹിക്കാതെ രാത്രി ഉറങ്ങിയത് ഗുരുതരമായ കൃത്യവിലോപമാണെന്നും മേൽനോട്ടം വഹിക്കാനല്ലെങ്കിൽ തൃശൂരിലേക്ക് പോകേണ്ടതില്ലായിരുന്നു എന്നുമാണ് റിപ്പോർട്ടിലുള്ളത്. പൂരദിവസം അജിത്കുമാർ അവധിക്ക് മുൻകൂട്ടി അപേക്ഷിച്ചു. ഒരു ദിവസത്തേക്കായതിനാൽ ഡി.ജി.പി പകരമാർക്കും ചുമതല നൽകിയില്ല. താൻ തൃശൂരിലുണ്ടെന്നും നോക്കിക്കോളാമെന്നും ഡി.ജി.പിയെ അറിയിച്ചിരുന്നു. പിറ്റേന്ന് ഉച്ചയോടെയാണ് മൂകാംബികയിലേക്ക് പോയതെന്നും റിപ്പോർട്ടിലുണ്ട്. തൃശൂർ പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകന്റെ പരിചയക്കുറവും അനുനയമില്ലായ്മയും കാരണമാണ് കശപിശയുണ്ടായതെന്നും പൂരംഅലങ്കോലപ്പെട്ടതിൽ തിരുവമ്പാടി ദേവസ്വത്തിന് പങ്കുണ്ടെന്നും ഇതിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്നുമാണ് അജിത് നേരത്തേ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നത്. ഇത് ഡി.ജി.പി തള്ളിയിരുന്നു.
അജിത്തിനെതിരേ
മന്ത്രിയുടെ മൊഴി
മുന്നറിയിപ്പ് നൽകിയിട്ടും നടപടിയെടുത്തില്ലെന്നാണ് ഡി.ജി.പിയുടെ അന്വേഷണത്തിൽ മന്ത്രി കെ.രാജൻ മൊഴിനൽകിയത്. പൂര ദിവസം രാവിലെ മുതൽ എം.ആർ അജിത്കുമാർ തൃശൂരിലുണ്ടായിരുന്നു. പല തവണ നേരിട്ടും ഫോണിൽ വിളിച്ചും സംസാരിച്ചിരുന്നു. തെക്കോട്ടിറക്കത്തിന്റെ സമയത്ത് പൊലീസിൽ നിന്ന് മോശം ഇടപെടലുണ്ടായി. പിന്നീട് അജിത്കുമാറിനെ കണ്ടപ്പോൾ ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും രാത്രി എഴുന്നള്ളിപ്പിന്റെ സമയത്ത് പ്രശ്‌നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |