തിരുവനന്തപുരം ജില്ലയിലെ വെള്ളായണിക്കടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ യാത്ര. രാവിലെ വീട്ടുകാർ കാണുന്നത് പുറത്ത് നിന്ന് വന്ന ഒരു വലിയ മൂർഖൻ പാമ്പ് വീട്ടിലെ പഴയ തൊഴുത്തിന് അകത്തേക്ക് കയറിയതാണ്.
അവിടെ ഇപ്പോൾ കോഴികളെ വളർത്തുകയാണ്. പാമ്പിനെ കണ്ടതും കോഴികൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. വീട്ടുകാരും പേടിച്ചു, അത്രയ്‌ക്ക് വലിയ പാമ്പാണ്. ഉടൻ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ വാവ തെരച്ചിൽ തുടങ്ങി.
നല്ല വലിപ്പമുള്ള പെൺ മൂർഖൻ പാമ്പ്, ഇപ്പോൾ ഇണ ചേരുന്ന സമയമാണ്. ഏകദേശം നാൽപതോളം മുട്ടകൾ ഇടാൻ ശേഷിയുള്ള പാമ്പാണ്. എന്തായാലും വീട്ടുകാർ പാമ്പിനെ കണ്ടത് നന്നായി.അവിടെ നിന്ന് പാമ്പിനെ പിടികൂടിയ വാവ സുരേഷ് കടക്കാവൂരുള്ള ഒരു വീട്ടിലേക്ക് യാത്ര തിരിച്ചു.
അടുക്കളയുടെ പിറകിലുള്ള നായയുടെ വലിയ കൂടിന്റെ മേൽക്കൂരയിലെ പൈപ്പിനകത്ത് പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്. ചേരയായിരുന്നു അവിടെ ഉണ്ടായിരുന്നത്. 'അളമുട്ടിയാൽ ചേരയും കടിക്കും. ചേര നന്നായി കടിക്കും. ഏകദേശം നൂറോളം പല്ലുകളുണ്ട്. പേടിക്കേണ്ട കാര്യമൊന്നുമില്ല. ഇന്നലെ ഞാനൊരു എൻസിസിയുടെ ബോധവത്കരണ ക്യാമ്പിൽ പങ്കെടുത്തു. അങ്കിളേ ചേര ചുറ്റിയാൽ അവിടെ അഴുകിപ്പോകുമോയെന്നാണ് അവിടെയുണ്ടായിരുന്ന കുട്ടികൾ ചോദിച്ചത്. ഞാൻ പറഞ്ഞു, മോളേ ചേര ചുറ്റിയാൽ അഴുകണമെങ്കിൽ അങ്കിളിന്റെ ശരീരം മുഴുവൻ അഴുകണമായിരുന്നെന്ന്. എന്റെ ദേഹത്ത് ചേര ചുറ്റാത്തയിടങ്ങളില്ലെന്ന്. ഇതൊക്കെ വെറും കഥകൾ മാത്രമാണ്.'- വാവ സുരേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |