തിരുവനന്തപുരം: ഈ വർഷത്തെ പ്രളയദുരന്തം ബാധിച്ചവരിൽ ധനസഹായത്തിന് അർഹരായവരെ കണ്ടെത്തുന്നതിനുള്ള മാർഗനിർദേശമായി.
ഓരോ ജില്ലയിലും പ്രളയബാധിത പ്രദേശത്തെ തദ്ദേശ സ്ഥാപനം വാർഡ് തലത്തിലുള്ള വിസ്തൃതി കണക്കാക്കി ഫീൽഡ് പരിശോധനയ്ക്ക് ആവശ്യമായ ടീമുകളെ നിയോഗിക്കുന്നതിന് ജില്ലാ കളക്ടർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കും. ഈ സംഘത്തിൽ വില്ലേജ് ഓഫീസറോ വില്ലേജ് അസിസ്റ്റന്റ്/ക്ലർക്ക് തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥനോ ഉണ്ടാവണം. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെ സെക്രട്ടറി/ക്ലർക്ക് തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥൻ, തദ്ദേശ സ്ഥാപനത്തിലെ അസിസ്റ്റന്റ് എൻജിനിയർ/ഓവർസിയർ എന്നിവരും ഉണ്ടായിരിക്കണം. മതിയായ അസിസ്റ്റന്റ് എൻജിനീയർ/ഓവർസിയർ ലഭ്യമല്ലാത്തപക്ഷം സമാന തസ്തികയിലുള്ള ഉദ്യോഗസ്ഥരെ ഇതര വകുപ്പുകളിലെ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിൽ നിന്നും നിയോഗിക്കുന്നതിന് ജില്ലാ കളക്ടർ നടപടിയെടുക്കണം. ഈ സംഘത്തെ സഹായിക്കാൻ ഒരു ഐ.ടി വോളന്റിയറുടെ സേവനം ഐ.ടി.മിഷൻ ഡയറക്ടർ ലഭ്യമാക്കണം. മലയോര മേഖലകളിൽ ഒരു ടീം ഒരു ദിവസം ശരാശരി 10 വീടുകളും, സമതല പ്രദേശത്ത് 20 വീടുകളും സന്ദർശിക്കുകയാണെങ്കിൽ 100-200 വീടുകൾവരെ പരിശോധിക്കാനാവും. ആവശ്യമായ ടീമുകളെ ജില്ലാ കളക്ടർ 22നകം നിയോഗിക്കും.
ദുരന്തബാധിതമായ എല്ലാ വീടുകളുടേയും നിലവിലെ സ്ഥിതി മൊബൈൽ ആപ്പ് വഴി കെട്ടിടത്തിന്റെ സ്ഥലത്തിന്റെ ഫോട്ടോ അടക്കമാണ് ശേഖരിക്കേണ്ടത്. നഷ്ടം തിട്ടപ്പെടുത്താൻ നിയോഗിക്കുന്ന ടീമിന് താലൂക്ക് തലത്തിൽ പരിശീലനം നൽകും. പരിശീലനത്തിന് പ്രാവീണ്യമുള്ള രണ്ട് റവന്യൂ ഉദ്യോഗസ്ഥരുടെ പേര്, തസ്തിക, മൊബൈൽ നമ്പർ എന്നിവ 22നകം ജില്ലാ കളക്ടർ ലഭ്യമാക്കണം. ക്യാമ്പിൽ ഉണ്ടായിരുന്നവരും എന്നാൽ ആവശ്യമായ പൂർണവിവരങ്ങൾ (ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, റേഷൻ കാർഡ് നമ്പർ, ആധാർ നമ്പർ) ലഭ്യമാക്കാത്തവരുമായ മുഴുവൻ വ്യക്തികളുടെയും, ധനസഹായ വിതരണത്തിന് ആവശ്യമായ വിവരങ്ങളും ഇതിലൂടെ ശേഖരിക്കാൻ ടീമിന് നിർദേശം നൽകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |