കൊല്ലം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ 2025 മാർച്ച് മുതൽ സെപ്തംബർ വരെ ശേഖരിച്ച ഭക്ഷ്യ സാമ്പിളുകളിൽ കണ്ടെത്തിയത് മനുഷ്യ ജീവന് ഹാനികരമാകാവുന്ന കൃത്രിമ നിറങ്ങളും കീടനാശിനികളും. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മാനുഫാക്ചറിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. 42ൽ അധികം പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.
കേക്കുകളിലും മറ്റ് ബേക്കറി പലഹാരങ്ങളിലും അനുവദനീയമായതിലും കൂടുതൽ അളവിൽ നിറങ്ങൾ ചേർത്തിട്ടുണ്ട്. ക്യാൻസർ അടക്കമുള്ള മാരക രോഗങ്ങൾക്ക് വരെ കാരണമായേക്കാവുന്നവയാണ് ഓരോ വിഭവങ്ങളിലും അടങ്ങിയിരിക്കുന്നത്. മിക്സ്ചർ, ടൊമാറ്റോ ചിപ്സ്, വാഴയ്ക്ക ചിപ്സ്, പക്കാവട തുടങ്ങിയവയിൽ വലിയ അളവിൽ ടാർട്രാസിന്റെ ഉപയോഗം കണ്ടെത്തി.
ഇത് മാരകമായ അലർജിക്ക് കാരണമാകും. പനഞ്ചക്കര, കരിമ്പ് ശർക്കര എന്നിവയുടെ നേരിയ സാന്നിദ്ധ്യത്തിൽ പോലും ഭക്ഷണത്തെ വിഷമാക്കുന്ന റോഡമിൻ ബി എന്ന വ്യവസായ ആവശ്യത്തിനുള്ള ഡൈ കണ്ടെത്തി. റോസ്ബെറി, ബീഫ് ചില്ലി, ഉണക്കിയ പ്ലം എന്നിവയിൽ അർബുദത്തിന് കാരണമാകുന്ന അമരാന്ത് എന്ന രാസവസ്തുവുണ്ട്. ചുവന്ന പരിപ്പ്, നാരങ്ങ അച്ചാർ എന്നിവയിൽ ഓറഞ്ച് 2 എന്ന രാസവസ്തുവും സുഡാൻ 1, 3, 4 എന്നിവ നാടൻ മുളകുപൊടി, മുളകുപൊടി എന്നിവയിലും കണ്ടെത്തി.
പൊടിച്ച സുഗന്ധവ്യഞ്ജനങ്ങളിൽ മെറ്റാനിൽ മഞ്ഞ, ലെഡ് ക്രോമേറ്റ്, സുഡാൻ റെഡ് എന്നിവയാണ് കൂടുതലായി ചേർക്കുന്നത്. മഞ്ഞൾപ്പൊടി, മധുര പലഹാരങ്ങൾ, പയറുവർഗങ്ങൾ, ശീതള പാനീയങ്ങൾ എന്നിവയിൽ കൂടുതലായി ഉപയോഗിക്കുന്ന ഒരു സിന്തറ്റിക് ഡൈ ആണ് മെറ്റാനിൽ മഞ്ഞ. ഇത് നാഡീ വ്യൂഹത്തെ തകരാറിലാക്കും. ഓർമ നഷ്ടം, ആശയക്കുഴപ്പം എന്നിവയ്‌ക്കും കാരണമാകും.
'ഭക്ഷണ പദാർത്ഥങ്ങളിൽ അനുവദനീയമായ അളവിൽ കൂടുതൽ നിറങ്ങളും മറ്റും ചേർക്കുന്നവർക്കെരിരെ കർശന നടപടി സ്വീകരിക്കും. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദന സമയത്ത് ഉപയോഗിക്കുന്ന കീടനാശിനികളുടെ സാന്നിദ്ധ്യമാണ് കൂടുതലായി കണ്ടുവരുന്നത്. ഈ പരിശോധനകൾ കൊണ്ട് അതിന് പരിഹാരം കാണാൻ കഴിയില്ല. നിശ്ചിത ഇടവേളകളിൽ പരിശോധന നടക്കുന്നുണ്ട്' - ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ പറഞ്ഞു.
കീടനാശിനികളും കുറവല്ല
വിവിധതരം മിക്സ്ചർ, മുളക്പൊടി, കാശ്മീരി മുളക്പൊടി, മല്ലിപ്പൊടി എന്നിവയിലാണ് മാരകമായ എത്തിയോൺ, കാർബോഫ്യൂറാൻ, ക്ലോത്തിയാനിഡിൻ, ഡിസെൻ കോണസോൾ കീടനാശിനികൾ കണ്ടെത്തിയത്. കൃഷി ചെയ്യുന്ന സമയത്ത് ഇവ അനിയന്ത്രിതമായി ഉപയോഗിക്കുന്നതിനാൽ പൊടിച്ച സുഗന്ധ വ്യഞ്ജനങ്ങളിൽ വലിയ തോതിൽ കീടനാശിനികളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.
കണ്ടെത്തിയ രാസവസ്തുക്കൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |