കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിലവിലെ ദേവസ്വം പ്രഡിഡന്റും തിരുവാഭരണ കമ്മിഷണറുമടക്കം കുരുങ്ങും. 2019ലെ സ്വർണമോഷണം മറയ്ക്കാനാകണം 2025ലും ദ്വാരപാലക ശില്പങ്ങളുടെ അറ്റകുറ്റപ്പണി ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാൻ ദേവസ്വം ബോർഡ് ഉത്സാഹം കാട്ടിയതെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു.
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിലെ വിപുലമായ ഗൂഢാലോചന കണ്ടെത്തണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദ്ദേശവും നൽകി. നിലവിൽ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തും തിരുവാഭരണം കമ്മിഷണർ റജിലാലുമാണ്. സ്‌പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണനാണ് വിഷയം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
കവർച്ചയിൽ പങ്കുള്ള ഓരോ ദേവസ്വം ഉദ്യോഗസ്ഥനെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ബോർഡിന്റെ തലപ്പത്തുനിന്ന് താഴേക്ക് പങ്കുള്ള ഓരോരുത്തരിലേക്കും അന്വേഷണം എത്തണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. ദേവസ്വം ബോർഡ് മിനിട്ട്സ് പിടിച്ചെടുക്കാനും ഉത്തരവിട്ടു. നേരത്തെ പ്രസിദ്ധീകരിച്ച മുൻഗണനാക്രമത്തിൽ മാറ്റം വരുത്തി ആദ്യ കേസായാണ് സ്വർണക്കൊള്ള കോടതി പരിഗണിച്ചത്.
1998-99ൽ ശ്രീകോവിലിലടക്കം പൊതിഞ്ഞത് 30.291 കിലോ സ്വർണം കൊണ്ടാണ്. 2019ൽ ചെമ്പുപാളികൾ എന്ന വ്യാജേന അത് പോറ്റിക്ക് കൈമാറി. ഉദ്യോഗസ്ഥർ അനുഗമിച്ചില്ല. തിരിച്ചെത്തിച്ചപ്പോൾ തൂക്കമടക്കം രേഖപ്പെടുത്തിയില്ല. 474.9 ഗ്രാം സ്വർണമാണ് അന്ന് കുറവുവന്നത്. പോറ്റിയുടെ ഇമെയിലിൽ സൂചനയുണ്ടായിട്ടും വീണ്ടെടുക്കാൻ ആരും ശ്രമിക്കാത്തത് ബോധപൂർവമാണ്. കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |