തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ ഭരണനേട്ടങ്ങൾ രാഷ്ട്രീയനേട്ടമായി മാറുന്നില്ലെന്ന് സി.പി.എം സംസ്ഥാനസെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ഏറെക്കുറെയെല്ലാം നടപ്പാക്കിയെങ്കിലും ജനങ്ങൾക്കിടയിലേക്ക് അക്കാര്യം എത്തുന്നില്ലെന്ന് മൂന്ന് ദിവസത്തെ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. പൊലീസിനെതിരെ അസ്ഥാനത്തുയരുന്ന ആക്ഷേപങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്ന അഭിപ്രായവുമുണ്ടായി. സംഘടനാകാര്യങ്ങൾ സംബന്ധിച്ച് സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച കരട് രേഖ സെക്രട്ടേറിയറ്റ് യോഗം അംഗീകരിച്ചു. ഇന്ന് ആരംഭിക്കുന്ന സംസ്ഥാനകമ്മിറ്റിയിൽ ഇതവതരിപ്പിച്ച് ചർച്ച ആരംഭിക്കും.
സംഘടനാശാക്തീകരണം സംബന്ധിച്ച കൊൽക്കത്ത പ്ലീനം നിർദ്ദേശങ്ങൾ അനുബന്ധമായി ചേർത്തുള്ള രേഖയാകും സംസ്ഥാനകമ്മിറ്റിയിൽ അവതരിപ്പിക്കുക. പ്ലീനം നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായെന്ന വിമർശനം സെക്രട്ടേറിയറ്റിലുയർന്നിരുന്നു. വെള്ളിയാഴ്ച സംസ്ഥാനകമ്മിറ്റി അവസാനിച്ചശേഷം തൊട്ടടുത്ത ദിവസങ്ങളിൽ ജില്ലാകമ്മിറ്റികളിൽ സെക്രട്ടേറിയറ്റംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ റിപ്പോർട്ടിംഗ് നടക്കും. ജില്ലകളിൽ പ്രാദേശികാടിസ്ഥാനത്തിൽ മേഖലായോഗങ്ങളും ചേരും. സെക്രട്ടേറിയറ്റ് യോഗത്തിലെ ചർച്ചകൾ സംബന്ധിച്ച വാർത്ത ചോരുന്നതും ചർച്ചാവിഷയമായി. നേതാക്കളുടെ പെരുമാറ്റശൈലി മാറണമെന്നതടക്കം കരട് രേഖയിലെ പരാമർശങ്ങൾ ആദ്യദിവസം തന്നെ മാദ്ധ്യമങ്ങൾക്ക് ചോർന്നിരുന്നു. സർക്കാരിന്റെ പ്രകടനം മികച്ചതാണെങ്കിലും ജനങ്ങൾക്കിടയിലേക്ക് അതിന്റെ നേട്ടങ്ങൾ എത്തിക്കാനാവുന്നോയെന്ന് പരിശോധിക്കേണ്ടതുണ്ട്. പ്രകടനപത്രികയിൽ പറഞ്ഞ മിക്കവാറും കാര്യങ്ങൾ നടപ്പാക്കിയിട്ടും പലതും ജനങ്ങൾ അറിഞ്ഞിട്ടില്ലെന്നും സെക്രട്ടേറിയറ്റ് അംഗീകരിച്ച കരട് രേഖയിൽ ചൂണ്ടിക്കാട്ടുന്നു. കൺസ്യൂമർ ഫെഡിന്റെ എം.ഡി സ്ഥാനത്തേക്ക് അഭിമുഖപരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടയാളിന്റെ വിവരം അഭിമുഖം നടന്നതിന്റെ തൊട്ടടുത്ത ദിവസം എങ്ങനെ മാദ്ധ്യമങ്ങൾക്ക് ചോർന്നുവെന്ന് ചോദിച്ച് ഇ.പി. ജയരാജനാണ് കഴിഞ്ഞദിവസം സെക്രട്ടേറിയറ്റിൽ വാർത്തചോരൽ വിഷയത്തിന്മേൽ ചർച്ചയ്ക്ക് തുടക്കമിട്ടതെന്നറിയുന്നു. ഈ വിവരം ചോർന്നതിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായാണറിയുന്നത്. അതിന് പിന്നാലെയാണ് സെക്രട്ടേറിയറ്റ് വിവരങ്ങളും ചോരുന്നതിനെ ചൊല്ലിയുള്ള ചർച്ചയിലേക്ക് കാര്യങ്ങൾ വഴിമാറിയത്. വാർത്ത ചോരുന്നതിൽ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |