തിരുവനന്തപുരം: വീണ്ടുമൊരു പ്രളയം ജനങ്ങളെ ദുരിതത്തിലാക്കിയിട്ടും കഴിഞ്ഞ വർഷത്തെ പ്രളയത്തിന്റെ പേരിലുള സെസ് സർക്കാർ പിൻവലിക്കില്ല. മാത്രമല്ല, വരുമാനവർദ്ധനയ്ക്ക് കടുത്ത നടപടികൾ ആരംഭിക്കാനാണ് ധനവകുപ്പിന്റെ തീരുമാനം. സെസ് കാരണം അവശ്യവസ്തുക്കൾക്ക് വിലക്കയറ്റം ഇല്ലെന്ന നിലപാടിലാണ് ധനമന്ത്രി ഡോ.തോമസ് ഐസക്.
വ്യാപാരികൾ എന്ത് പറഞ്ഞാലും സർക്കാരിന് നികുതി പിരിക്കാൻ അധികാരമുണ്ട്. യു.ഡി.എഫിന്റെ കാലത്ത് ഉപ്പുതൊട്ട് കർപ്പൂരം വരെ രണ്ട് ശതമാനം നികുതിയാണ് വർദ്ധിപ്പിച്ചത്. ഇപ്പോൾ ചില സാധനങ്ങൾക്ക് മാത്രമാണ് സെസ് ഏർപ്പെടുത്തിയതെന്ന് ഐസക് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജി.എസ്.ടി വരുമാനം വർദ്ധിപ്പിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. എല്ലാമാസവും വില്പനയുടെ വിവരങ്ങൾ നൽകാത്ത വ്യാപാരികൾക്ക് പിഴയുണ്ട്. ഇത് തുടർന്നാൽ രജിസ്‌ട്രേഷൻ റദ്ദാക്കും. ഇതിലൂടെ 500 കോടി വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
ഈ മാസം അവസാനത്തോടെ വ്യാപാരികളുടെ സമ്പൂർണ റിട്ടേണുകൾ ലഭിക്കുമ്പോൾ വില്പനയുടെ വിശദാംശങ്ങൾ അറിയാം. ഈ പരിശോധനയിലൂടെ കഴിഞ്ഞ രണ്ടുവർഷത്തെ നികുതിയായി 1500 കോടി രൂപ കൂടി ലഭിക്കുമെന്നാണ് വിലയിരുത്തൽ. ജി.എസ്.ടിക്ക് മുമ്പ് സ്വർണത്തിന് 1.25% നികുതിയായിരുന്നപ്പോൾ വർഷം 700 കോടി രൂപ ലഭിച്ചിരുന്നു. ഇപ്പോൾ 3 ശതമാനമായിട്ടും ലഭിക്കുന്നത് 150 കോടിയാണ്. ഇത് നികുതിവെട്ടിപ്പിന്റെ തെളിവാണ്. അതുകൊണ്ട് മേഖലതിരിച്ച് നികുതിപിരിക്കും. ബഡ്ജറ്റിൽ പറഞ്ഞതുപോലെ നികുതിവരുമാനം 30% എത്തുമോയെന്ന് ഒക്‌ടോബർ അവസാനത്തോടെ പറയാം. ജി.എസ്.ടി പരിശോധന കാര്യക്ഷമമാക്കാൻ തസ്തികകളുടെ പുനർനാമകരണം ഉടൻ ആരംഭിക്കും.
റവന്യൂ റിക്കവറിയും ആരംഭിക്കും. ഇതിനായി അടുത്ത ആഴ്ച കളക്ടർമാരുടെ യോഗം വിളിക്കും. വാണിജ്യനികുതി കുടിശികമാത്രമല്ല, എല്ലാ കുടിശികകളും സജീവമായി പിരിക്കാനുള്ള തീവ്രയജ്ഞം അടുത്തമാസം ആരംഭിക്കും. സാലറി ചലഞ്ചിൽ കെ.എസ്.ഇ.ബി പിരിച്ച പണം അടയ്ക്കാൻ വൈകിയത് വലിയ പ്രശ്നമല്ല. കെ.എസ്.എഫ്.ഇയും കഴിഞ്ഞ മാസമാണ് അടച്ചത്. പൊതുമേഖലാ സ്ഥാപനങ്ങൾ ഈ ഇനത്തിൽ പിരിച്ച തുക അടച്ചോയെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |