ആലപ്പുഴ: റോഡ് അപകടം കുറയ്ക്കുന്നതിന്റെ ഭാഗമായി ഡ്രൈവിംഗ് ടെസ്റ്റിൽ പുതിയൊരു ഇനം ഉൾപ്പെടുത്തുന്നു.
അപകടധാരണ പരിശോധന (ഹസാർഡ് പെഴ്സപ്ഷൻ ടെസ്റ്റ് - എച്ച്.പി.ടി) എന്ന വീഡിയോ ടെസ്റ്റാണിത്. മൂന്നു മാസത്തിനകം പ്രാബല്യത്തിലാവും.
അപകട സാഹചര്യങ്ങൾ ഉണ്ടാവുമ്പോൾ, സുരക്ഷിതമായി തരണംചെയ്യാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ലേണേഴ്സ് കമ്പ്യൂട്ടർ ടെസ്റ്റിനു പുറമേ, ഈ വീഡിയോ ടെസ്റ്റ് ഉയർന്ന മാർക്കിൽ പാസായാലേ റോഡ് ടെസ്റ്റിന് യോഗ്യരാവൂ.
മുന്നിൽ പട്ടിചാടുകയോ, വഴിയാത്രക്കാരനോ, മറ്റൊരു വാഹനമോ അകപ്പെടുകയോ ചെയ്താൽ പതറാതെ വാഹനം നിയന്ത്രിക്കാനും അപകടമൊഴിവാക്കാനും പരിശീലനം ആവശ്യമാണെന്ന് എം.വി.ഡിയും റോഡ് സുരക്ഷാ അതോറിട്ടിയും ശുപാർശ ചെയ്തിരുന്നു. ആലപ്പുഴ ആറു മെഡിക്കൽ വിദ്യാർത്ഥികളുടെ ജീവനെടുത്തതടക്കം, അപകടങ്ങളുടെ പൊതുസ്വഭാവം കണക്കിലെടുത്താണ് തീരുമാനം.
10 വീഡിയോ ടെസ്റ്റ് പാസാവണം
കമ്പ്യൂട്ടർ സ്ക്രീനിലെ വളവും തിരിവും കുത്തിറക്കവും കയറ്റവുമുള്ള റോഡിൽ പൊടുന്നനെ വന്നുപെടുന്ന തടസ്സങ്ങളെ സുരക്ഷിതമായി തരണം ചെയ്ത്
മൗസിന്റെ സഹായത്തോടെ വാഹനം ഓടിക്കുന്ന വീഡിയോ ടെസ്റ്റിംഗ് രീതിയാണിത്.
മോട്ടോർ വാഹനവകുപ്പിന്റെ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള വ്യത്യസ്തമായ 10 എച്ച്.പി.ടി ടെസ്റ്റ് നടത്തും. ഓരോന്നിനും അഞ്ചു മാർക്കാണ്. മുഴുവൻ മാർക്കും നേടിയാലേ റോഡ് ടെസ്റ്റിന് ഫീസൊടുക്കാൻ കഴിയൂ. യൂട്യൂബിലും ഗൂഗിളിലും മാതൃകകൾ ലഭിക്കും. സ്വയം പരിശീലിക്കാം.
'അപ്രതീക്ഷിതമായുണ്ടാകുന്ന സാഹചര്യങ്ങൾ സുരക്ഷിതമായി അതിജീവിക്കാൻ പരിശീലനം കൂടിയേ തീരൂ."
- സി.എച്ച്. നാഗരാജു,
ട്രാൻ. കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |