ന്യൂഡൽഹി: മൻമോഹൻ സിംഗിന് രാജ്ഘട്ടിൽ സ്‌മാരകം അനുവദിക്കാത്തതും നിഗംബോധ്ഘട്ടിലെ പൊതുശ്‌മശാനത്തിൽ സംസ്‌കാരം നടത്തിയതും വിവാദത്തിൽ. ഉചിതമായ സ്‌മാരകം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. സ്‌മാരകത്തിന് സ്ഥലം കണ്ടെത്തുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. രാജ്ഘട്ടിൽ ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി തുടങ്ങിയവർ അന്ത്യംവിശ്രമം കൊള്ളുന്നതിന് സമീപം മൻമോഹന് അന്ത്യവിശ്രമമൊരുക്കാനാണ് കോൺഗ്രസ് ആഗ്രഹിച്ചത്. എന്നാൽ ഈ മേഖലയിൽ സ്‌മാരകങ്ങൾ വേണ്ടെന്ന് നേരത്തെ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിധംബോധ് ഘട്ടിൽ സംസ്‌കാരം നടത്തിയത്.
അപമാനമെന്ന് കോൺഗ്രസ്
മൻമോഹൻ സിംഗിന് രാജ്ഘട്ടിൽ അന്ത്യവിശ്രമം ഒരുക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തരമന്ത്രി അമിത്‌ഷായോടും ആവശ്യപ്പെട്ടിരുന്നു. പൊതുശ്‌മശാനത്തിൽ സംസ്‌കരിച്ച് സിക്ക് പ്രധാനമന്ത്രിയെ അപമാനിച്ചെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് ആരോപിച്ചു. സ്‌മാരകം നിർമ്മിക്കാൻ സ്ഥലം കണ്ടെത്തുമെന്ന് വെള്ളിയാഴ്‌ച മന്ത്രിസഭാ യോഗത്തിന് ശേഷം അമിത് ഷാ ഖാർഗെയെ അറിയിച്ചെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു. സ്ഥലം കണ്ടെത്താനും ട്രസ്റ്റ് രൂപീകരണത്തിനും താമസമുള്ളതിനാൽ സംസ്‌കാര ചടങ്ങുകൾ പെട്ടെന്ന് നടക്കട്ടെയെന്ന് തീരുമാനിക്കുകയായിരുന്നെന്നും വ്യക്തമാക്കി. കോൺഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.
വിമർശിച്ച് പ്രണബിന്റെ മകൾ
പിതാവിന് ഡൽഹിയിൽ സ്മാരകമില്ലെന്നും കോൺഗ്രസ് പ്രവർത്തക സമിതി അനുശോചിച്ചില്ലെന്നും പ്രണബ് മുഖർജിയുടെ മകൾ ശർമ്മിള ആരോപിച്ചു. രാഷ്ട്രപതിമാരുടെ വിയോഗത്തിൽ അനുശോചനം പതിവില്ലെന്നാണ് കോൺഗ്രസ് നേതൃത്വം പറഞ്ഞത്. മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റ വിയോഗത്തിൽ അനുശോചിച്ചത് പിതാവിന്റെ ഡയറിക്കുറിപ്പിലുണ്ട്. നരസിംഹറാവുവിനെ അവഗണിച്ചെന്ന ബി.ജെ.പി നേതാവ് സി.ആർ. കേശവന്റെ എക്സ് പോസ്റ്റും അവർ പങ്കിട്ടു.
മൻമോഹൻ സിംഗിന്റെ കുടുംബത്തിന്റെയും സിക്ക് സമൂഹത്തിന്റെയും വികാരം കേന്ദ്ര സർക്കാർ മാനിക്കണം. കുടുംബം ആഗ്രഹിക്കുന്ന സ്ഥലത്ത് സ്മാരകം നിർമ്മിക്കണം. രാഷ്‌ട്രീയം പാടില്ല
-മായാവതി
ബി.എസ്.പി
ഒരാൾ മരിക്കുമ്പോൾ ശത്രുതയും ഇല്ലാതാകണം. ഇവിടെ രാഷ്ട്രീയം കളിക്കുന്നു. വാജ്പേയിയുടെ അന്ത്യകർമങ്ങൾ രാജ്ഘട്ടിൽ അല്ലായിരുന്നെങ്കിൽ എന്തു തോന്നുമായിരുന്നു.
- നവ്ജോധ് സിംഗ് സിദ്ധു,
മുൻ എം.പി
നിഗംബോധ് ഘട്ടിൽ മുൻ പ്രധാനമന്ത്രിമാരുടെ അന്ത്യകർമങ്ങൾ നടത്തിയിട്ടില്ല. സർക്കാരിന്റെ നടപടി മോശം.
- സഞ്ജയ് സിംഗ്
ആം ആദ്മി പാർട്ടി
മോദി സർക്കാർ മുൻകൂട്ടി ചിന്തിക്കണമായിരുന്നു. മൻമോഹൻ സിംഗിന് രാജ്ഘട്ടിൽ സ്‌മാരകമെന്നത് ഇന്ത്യക്കാരുടെ ആവശ്യമാണ്, അതിനെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല.
-പ്രതാപ് സിംഗ് ബജ്‌വ,
കോൺഗ്രസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |