മുൻ എം.എൽ.എ കുഞ്ഞിരാമനും ബ്ളോക്ക് പ്രസിഡന്റ് മണികണ്ഠനും ഉൾപ്പെടുന്നു
എട്ടുപേർക്കെതിരെ കൊലക്കുറ്റം ശിക്ഷാവിധി ജനുവരി 3ന്
കൊച്ചി: രാഷ്ട്രീയ പ്രകമ്പനം സൃഷ്ടിച്ച കാസർകോട് പെരിയ ഇരട്ടകൊലപാതക കേസിൽ സി.പി.എം നേതാക്കളായ ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമനും കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠനും അടക്കം 14 പ്രതികൾ കുറ്റക്കാരാണെന്ന് കൊച്ചി സി.ബി.ഐ പ്രത്യേക കോടതി. 10 പ്രതികളെ കുറ്റവിമുക്തരാക്കി. ജഡ്ജി എൻ. ശേഷാദ്രിനാഥൻ ജനുവരി 3ന് ശിക്ഷ വിധിക്കും.
ബൈക്കിൽ പോകുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും (23) കൃപേഷിനേയും (19) തടഞ്ഞുനിറുത്തി വെട്ടിക്കൊന്ന കേസിലാണ് വിധി. ഇവരുടെയും യൂത്ത് കോൺഗ്രസിന്റെയും രാഷ്ട്രീയവളർച്ച തടയുകയായിരുന്നു കുറ്റകൃത്യത്തിന്റെ ലക്ഷ്യമെന്ന് സി.ബി.ഐ സ്ഥാപിച്ചു. 2019 ഫെബ്രുവരിയിലായിരുന്നു കൊലപാതകം. ഒന്നു മുതൽ എട്ടു വരെ പ്രതികൾക്കെതിരെ കൊലക്കുറ്റമാണ്.
എ. പീതാംബരൻ, സജി സി. ജോർജ്, കെ.എം. സുരേഷ്, കെ. അനിൽകുമാർ (അബു), ജിജിൻ, ആർ. ശ്രീരാഗ് (കുട്ടു), എ. അശ്വിൻ (അപ്പു), സുബീഷ് (മണി) എന്നിവരാണ് ആ പ്രതികൾ. 10-ാം പ്രതി ടി. രഞ്ജിത്തും 15-ാം പ്രതി എ. സുരേന്ദ്രനുമാണ് (വിഷ്ണു സുര) കൊലക്കുറ്റത്തിന് തുല്യമായ ഗൂഢാലോചനയിൽ പങ്കുള്ളവർ. മുഖ്യപ്രതികൾക്ക് ചുമത്തിയ കുറ്റങ്ങൾ ബാധകം.
രണ്ടാം പ്രതിയെ കസ്റ്റഡിയിൽ നിന്ന് ബലമായി മോചിപ്പിച്ചെന്ന കുറ്റമാണ് 14-ാം പ്രതി കെ. മണികണ്ഠൻ, 20-ാം പ്രതിയായ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, 21-ാം പ്രതി രാഘവൻ വെളുത്തോളി, 22-ാം പ്രതി ഭാസ്കരൻ വെളുത്തോളി എന്നിവർക്കെതിരെയുള്ളത്. രണ്ടു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടർ ബോബി ജോസഫ് ഹാജരായി.
കുറ്റവിമുക്തരായവർ
പ്രദീപ് (കുട്ടൻ), മുരളി, ബി. മണികണ്ഠൻ (ആലക്കോട് മണി), എൻ. ബാലകൃഷ്ണൻ, എ. മധു (ശാസ്താ മധു), റെജി വർഗീസ്, എ. ഹരിപ്രസാദ്, പി. രാജേഷ് (രാജു), വി. ഗോപകുമാർ (ഗോപൻ വെളുത്തോളി), പി.വി. സന്ദീപ് (സന്ദീപ് വെളുത്തോളി). അഞ്ചാം പ്രതി ജിജിന്റെ പിതാവാണ് ശാസ്താ മധു.
സർക്കാരിനെ വെട്ടിലാക്കി സി.പി.എം ബന്ധം
സി.പി.എം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് കെ.വി. കുഞ്ഞിരാമൻ. കെ. മണികണ്ഠൻ ഡി.വൈ.എഫ്.ഐ നേതാവാണ്. ഒന്നാം പ്രതി പീതാംബരൻ പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗമാണ്. രാഘവൻ വെളുത്തോളി പാക്കം ലോക്കൽ മുൻ സെക്രട്ടറിയും വെറുതേവിട്ട എൻ. ബാലകൃഷ്ണൻ പെരിയ ലോക്കൽ മുൻസെക്രട്ടറിയുമാണ്.
ഹൈക്കോടതി ഇടപെട്ടു സി.ബി.ഐ വന്നു
രാഷ്ട്രീയചായ്‌വുള്ളതും വിശ്വാസ്യതയില്ലാത്തതുമായ അന്വേഷണമാണെന്ന വിർമശനത്തോടെയാണ് ഹൈക്കോടതി സി.ബി.ഐയെ ഏൽപ്പിച്ചത്. മാസങ്ങളോളം കേസ്ഡയറിയടക്കം കൈമാറിയില്ല. സുപ്രീംകോടതി സർക്കാരിന്റെ അപ്പീൽ തള്ളിയശേഷമാണ് കൊടുത്തത്. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് ടി.പി.അനന്ദകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്.
'സി.പി.എം നേതാക്കളെ ബോധപൂർവം പ്രതികളാക്കിയതാണ്. പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. മേൽക്കോടതിയിൽ അപ്പീൽ നൽകും".
-എം.വി. ബാലകൃഷ്ണൻ,
സി പി എം കാസർകോട് ജില്ലാ സെക്രട്ടറി
'വിധിയിൽ തൃപ്തിയില്ല. വെറുതേവിട്ട പ്രതികളെയും ശിക്ഷിക്കാൻ നിയമനടപടി സ്വീകരിക്കും"
-പി.വി.കൃഷ്ണൻ, (കൃപേഷിന്റെ പിതാവ്)
സത്യനാരായണ, (ശരത് ലാലിന്റെ പിതാവ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |