കണ്ണൂർ: ആത്മകഥാ വിവാദത്തിൽ വീണ്ടും പ്രതികരിച്ച് എൽഡിഎഫ് മുൻ കൺവീനർ ഇ പി ജയരാജൻ. ആത്മകഥയിലെ ചില പ്രസക്ത ഭാഗങ്ങൾ ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന പൊലീസ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരത്തിൽ പ്രസാദകർ പാർട്ടിയെ ദുർബലപ്പെടുത്താനും തന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്നും ഇ പി വ്യക്തമാക്കി. ഡിസി ബുക്സ് ചെയ്തത് ഗുരുതര തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പാർട്ടിക്കെതിരായും സർക്കാരിനെതിരായും വാർത്ത സൃഷ്ടിക്കാൻ ഡിസി ബുക്സിനെ ഉപയോഗിച്ചു. ഇത്തരത്തിലുളള പ്രസാദകർ സിപിഎമ്മിനെ പോലുളള പാർട്ടിയെ ദുർബലപ്പെടുത്തി എന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. കേസെടുത്ത് എല്ലാം പുറത്തുകൊണ്ടുവരണം. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കും. അതിഗുരുതരമായ തെറ്റാണ് ഡിസി ബുക്സ് ചെയ്തത്.
എന്നെ അത്ഭുതപ്പെടുത്തിയ കാര്യം ആ ദിവസം പത്തരമണിക്ക് എന്റെ പുസ്തകം പ്രകാശനം ചെയ്യുന്നുവെന്ന് പറഞ്ഞ് ഡിസി ബുക്‌സിന്റെ ഫേസ്ബുക്ക് പേജിലല്ലേ വാർത്ത വന്നത്. ആസൂത്രിതമാണിത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിവാദമുണ്ടാക്കാനുള്ള ശ്രമം നടത്തി വിവാദമുണ്ടാക്കി. ഇല്ലാത്ത വാർത്തയുണ്ടാക്കി വലിയ ഭൂകമ്പമുണ്ടാക്കാൻ വേണ്ടി നടത്തിയിട്ടുള്ള ആസൂത്രിതമായ ഗൂഢാലോചനയാണിത്. ഡിസി ബുക്‌സിന് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. അവർ ക്രിമിനൽ സ്വഭാവത്തോടെയുള്ള തെറ്റാണ് ചെയ്തത് '- ഇ പി ജയരാജൻ പറഞ്ഞു.
ഡിസി ബുക്സിന്റെ പബ്ലിക്കേഷൻസ് വിഭാഗം മേധാവി ശ്രീകുമാറിൽ നിന്നാണ് ആത്മകഥയിലെ പ്രസക്ത ഭാഗങ്ങൾ ചോർന്നത്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് കോട്ടയം എസ് പി, ഡിജിപിയ്ക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.സംഭവത്തിൽ പൊലീസിന് നേരിട്ട് കേസെടുക്കാൻ കഴിയില്ല. അതേസമയം, പത്തനംതിട്ട സിപിഎം ജില്ലാ സമ്മേളനത്തിൽ ഇപിയ്ക്കെതിരെ ഗുരുതര വിമർശനങ്ങളാണ് പ്രതിനിധികൾ ഉയർത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |