വണ്ണപ്പുറം (തൊടുപുഴ): മുള്ളരിങ്ങാട് അമേൽതൊട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. അമേൽതൊട്ടി പാലിയത്ത് ഇബ്രാഹിമിന്റെ മകൻ അമർ ഇലാഹിയാണ് (22) മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. വീടിന് 300 മീറ്റർ അകലെയുള്ള തേക്കിൻകൂപ്പിൽ മേയാൻ വിട്ടിരുന്ന പശുവിനെ അഴിക്കാനാണ് അമറും സുഹൃത്ത് ബ്ലാങ്കരയിൽ മൻസൂറും (41) പോയത്. ഇഞ്ചക്കാട്ടിൽ നിന്ന രണ്ട് ആനകൾ പാഞ്ഞടുക്കുകയായിരുന്നു. ഭയന്നോടിയ അമറിനെ കാട്ടാന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്ത് മൻസൂറിന് നേരെ രണ്ടാമത്തെ ആനയെത്തിയെങ്കിലും കാലുകൾക്കിടയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് കുറ്റിക്കാട്ടിൽ ഒളിച്ചു. ആന പരിസരത്തു നിന്ന് മാറുന്നത് വരെ ശ്വാസമടക്കി പിടിച്ചിരുന്നു. വലതുകാലിന് ഒടിവുണ്ട്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിന്റെ കരച്ചിലും ആനയുടെ ചിന്നംവിളിയും കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും അമറിനെ രക്ഷിക്കാനായില്ല. വനപാലകരും പൊലീസും എത്തി മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് രാത്രി തന്നെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കാനാണ് നീക്കം. എന്നാൽ മോർച്ചറിയ്ക്ക് മുന്നിൽ ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ ഉപരോധ സമരം രാത്രി വൈകിയും തുടരുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് പൊലീസിനെ അനുവദിക്കാതെയാണ് പ്രതിഷേധം.
കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ പിൻമാറില്ലെന്നാണ് സമരക്കാർ പറയുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാതെ പോസ്റ്റ്മോർട്ടം ചെയ്യാനാകാത്ത സ്ഥിതിയാണ്. വണ്ണപ്പുറം പഞ്ചായത്തിൽ യു.ഡി.എഫും എൽ.ഡി.എഫും ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജമീലയാണ് അമറിന്റെ അമ്മ. സഹോദരി: സഹാന ഷെരീഫ്.
10 ലക്ഷം ധനസഹായം
തിരുവനന്തപുരം: കാട്ടാന കൊലപ്പെടുത്തിയ അമർ ഇലാഹിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ദുരന്ത നിവാരണ വകുപ്പുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തുക ഉടൻ കുടുംബത്തിന് കൈമാറും. സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിന്ന് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |