കൊല്ലം: വീടിനുള്ളില്‍ യുവതിയേയും പിതാവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതി മകന്‍. സ്വന്തം അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ കേസില്‍ ജമ്മുകാശ്മീരില്‍ നിന്നാണ് അഖില്‍ കുമാര്‍ പിടിയിലായത്. 2024 ഓഗസ്റ്റ് 17ന് ആണ് കുണ്ടറ പടപ്പക്കരയില്‍ കൊലപാതകം നടന്നത്. സെന്റ് ജോസഫ് പള്ളിക്കുസമീപം പുഷ്പവിലാസത്തില്‍ പുഷ്പലതയും പിതാവ് ആന്റണിയുമാണ് കൊല്ലപ്പെട്ടത്. പുഷ്പലതയുടെ മകനാണ് പിടിയിലായ അഖില്‍ കുമാര്‍.
ലഹരിക്ക് അടിമയായിരുന്നു അഖില്‍, വീട്ടില്‍ ലഹരി വാങ്ങുന്നതിന് പണം ആവശ്യപ്പെടുകയും ഇത് നല്‍കില്ലെന്ന് അമ്മ പറയുകയും ചെയ്തതിനെ തുടര്‍ന്ന് തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് പ്രതി അമ്മയേയും മുത്തച്ഛനേയും ആക്രമിച്ചിരുന്നു. പുഷ്പലത സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. പിതാവ് ആന്റണിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.
ആക്രമണശേഷം അമ്മയുടെ മൊബൈല്‍ ഫോണും മോഷ്ടിച്ചാണ് അഖില്‍ കടന്നുകളഞ്ഞത്. കൊട്ടിയത്തെ ഒരു കടയില്‍ ഈ മൊബൈല്‍ ഫോണ്‍ വിറ്റു. അതിന് ശേഷം ഇയാള്‍ മൊബൈല്‍ ഫോണും ഉപയോഗിച്ചിരുന്നില്ല. മുമ്പ് പലതവണ ഇന്ത്യയിലുടനീളം യാത്ര ചെയ്തിട്ടുള്ള അഖിലിന് പല സ്ഥലങ്ങളും പരിചിതമായിരുന്നു. ആദ്യം പോയത് ഡല്‍ഹിയിലേക്കാണ്. അമ്മയുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് അവിടെ നിന്ന് 2000 രൂപ പിന്‍വലിച്ചിരുന്നു. അങ്ങനെയാണ് അഖില്‍ ഡല്‍ഹിയിലെത്തിയെന്ന് മനസിലായത്. എന്നാല്‍ പോലീസ് അവിടെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് കുണ്ടറ സി.ഐ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവന്നു. ഇയാള്‍ നടത്തിയ എടിഎം ഇടപാടിലൂടെയാണ് ജമ്മു-കശ്മീരിലെ ശ്രീനഗറിനടുത്തുള്ള ഒരു സ്ഥലത്ത് എത്തിയതായി കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍ കുണ്ടറ സിഐ, സി.പി.ഒ, ഹരിപ്പാട് സ്റ്റേഷനില്‍ നിന്നുള്ള സി.പി.ഒ എന്നിവര്‍ സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |