തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങൾക്കിടെ എസ്.ഐയെ ആക്രമിച്ച പ്രതി പിടിയിൽ. വെള്ളൈക്കടവ് തോപ്പുമുക്ക് കുളുമല റിയാ നിവാസിൽ റിതു മാത്യു (29) വിനെയാണ് കന്റോൺമെന്റ് പൊലീസ് പിടികൂടിയത്. കന്റോൺമെന്റ് എസ്.ഐ പ്രസൂൺ നമ്പിക്കാണ് ആക്രണത്തിൽ പരിക്കേറ്റത്. പുതുവത്സര ആഘോഷങ്ങൾക്കിടെ ബുധനാഴ്ച പുലർച്ചെ 3ന് സാഫല്യം കോംപ്ലക്സ് പാർക്കിംഗ് ഗ്രൗണ്ടിന് സമീപം പ്രതി അടിപിടി ഉണ്ടാക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. പ്രതിയെ സ്ഥലത്തുനിന്നും പറഞ്ഞുവിടാൻ ശ്രമിക്കുന്നതിനിടെ എസ്.ഐയെ ആക്രമിക്കുകയായിരുന്നു. എസ്.ഐയുടെ കാലിന്റെ കുഴ ചവിട്ടി ഒടിക്കുകയും കൈവിരൽ കടിച്ച് മുറിവേല്പിക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്.ഐയ്ക്ക് കാലിന് അടിയന്തര ശസ്ത്രക്രിയ നടത്തി. കൈവിരലിന് തുന്നലുണ്ട്. കൂടുതൽ പൊലീസെത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയ്യാൾ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു.
സി.ഐ പ്രജീഷ് ശശി, എസ്.ഐ പി.ഡി. ജിജുകുമാർ, സുജീഷ് കുമാർ,സജിത്ത്,രതീഷ്,വിനീഷ്,ഷെറിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |