മുതലമട: പാപ്പാൻച്ചള്ള കന്നിമാരി റോഡിലെ ചെമ്മണാതോട് ഭാഗത്തുള്ള റെയിൽവേ തുരങ്ക പാതയിൽ വെള്ളം കെട്ടി നിൽക്കുന്നത് യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. റെയിൽവേയുടെ ആശാസ്ത്രീയ നിർമ്മാണമാണ് വെള്ളം കെട്ടി നിൽക്കാൻ ഇടയാക്കിയതെന്നാണ് സൂചന. മീങ്കര കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടിയാലും മഴപെയ്താലും മീങ്കര ഡാമിലെ കനാൽ വെള്ളം തുറന്നാലും തുരങ്കപാതയിൽ വെള്ളം കെട്ടി നിൽക്കുക പതിവാണ്. തുരങ്കപാതയുടെ അടിയിൽ നിൽക്കുന്ന വെള്ളത്തിന് ഇരുവശങ്ങളിലേക്കും ഒഴുകിപ്പോവാൻ കഴിയാത്തതാണ് പ്രധാന കാരണം. തുരങ്കപാതയുടെ ഇരുവശങ്ങളിലെ സർവീസ് റോഡുകൾ ഉയർന്നതും തുരങ്കവാക്ക് സമീപം ചപ്പാത്തുകൾ നിർമ്മിക്കാത്തതുമാണ് വെള്ളം കെട്ടിനിൽക്കാൻ പ്രധാനകാരണമായി നാട്ടുകാർ ആരോപിക്കുന്നത്.
രാത്രികാലങ്ങളിൽ കാട്ടുപന്നി ശല്യവും ഇവിടെ രൂക്ഷമാണ്. തുരങ്കപാതയ്ക്കുള്ളിൽ കാട്ടുപന്നികൾ കൂട്ടമായി എത്തുകയും ഇരുചക്ര വാഹനക്കാർ ഉൾപ്പെടെയുള്ളവർക്ക് അപകടം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. വെള്ളം കെട്ടി നിന്ന് ചെളിയും പായലും കോൺക്രീറ്റ് റോഡിൽ കിടക്കുന്നതിനാൽ കാൽനടയാത്ര പോലും ദുരിതമാണ്.
തകർച്ചാ ഭീഷണിയിൽ റെയിൽവേ സർവീസ് റോഡും
മുതലമടയിലുള്ളവർക്ക് പെരുമാട്ടിയിലെ മെഡിക്കൽ കോളേജിലേക്കും താലൂക്ക് ആശുപത്രിയിലേക്കും പോകുവാനുള്ള പ്രധാന പാതയാണിത്. റെയിൽവേ സർവീസ് റോഡിന്റെ ഇരുവശത്തും ഉള്ള കൊടും വളവുകളിൽ ദർപ്പണം ഇല്ലാത്തത് മൂലം എതിർദിശയിലുള്ള വാഹനത്തെ കാണാൻ കഴിയാറില്ല. ഇതും അപകടത്തിന് സാധ്യത കൂട്ടുന്നു. വെള്ളം കെട്ടിക്കിടക്കുന്നത് മൂലം റെയിൽവേ സർവീസ് റോഡും തകർച്ച ഭീഷണി നേരിടുകയാണ്. റെയിൽവേ റോഡ് അധികൃതർ പുന പരിശോധിച്ചു നിർമ്മാണ പിഴവ് നികത്തി ശാസ്ത്രീയമായ രീതിയിൽ നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്.
രോഗിയായ അമ്മയുമായി കരുണാ മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്നു. തുരങ്കപാതയിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ യാത്രാ ബുദ്ധിമുട്ടായി. അധികൃതർ ഇടപെടണം.കെ.രവി സ്രാമ്പിച്ചള്ള, പ്രദേശവാസി.
ചെമ്മണാന്തോട് റെയിൽവേ തുരങ്ക പാതയും മുതലമട റെയിൽവേ തുരങ്ക പാതയും നിർമ്മിച്ചിരിക്കുന്നത് ആശാസ്ത്രീയമായാണ്. ഒരിടത്ത് വെള്ളം ഒഴുകി പോവാനുള്ള സംവിധാനമില്ല. മറ്റൊരിടത്ത് സംരക്ഷണഭിത്തികൾ നിർമ്മിച്ചിട്ടില്ല. അധികൃതർ ഇടപെടണം.
എസ്.നിതിൻഘോഷ്, യുവജനതാദൾ എസ് ജില്ലാ കമ്മിറ്റി അംഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |