പത്തനംതിട്ട : ജില്ലയിൽ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുകയാണ് പ്രധാന ചുമതലയെന്ന് സി.പി.എമ്മിന്റെ പുതിയ ജില്ലാ സെക്രട്ടറി രാജു എബ്രഹാം. പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് നിരവധിപേർ അടുത്ത ദിവസങ്ങളിൽ സി.പി.എമ്മിൽ ചേരും. ഇപ്പോൾ ജില്ലയിൽ നിലനിൽക്കുന്ന വിജയം നിലനിറുത്തും. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ വിജയത്തിനായി പ്രവർത്തിക്കും. സർക്കാരുമായി ചേർന്ന് ജില്ലയിലെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കും. വിവിധ സ്ഥലങ്ങളിൽ സ്‌റ്റേഡിയങ്ങൾ ഉണ്ടാകണം. പത്തനംതിട്ടയിലെ പോലെ തിരുവല്ലയിലും സ്‌റ്റേഡിയം വികസനം സാദ്ധ്യമാകണം. അപ്പർകുട്ടനാട് മേഖലയുടെ വികസനത്തിന് പാർട്ടി ഇടപെടും. കേന്ദ്രസർക്കാർ അന്തിമ അനുമതി നൽകിയാൽ ആറായിരം പേർക്ക് ഉടൻ പട്ടയം ലഭിക്കും. പെരുമ്പെട്ടിയിൽ പട്ടയം നൽകുന്നതിനെതിരെ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ ചരടുവലിച്ചു. റാന്നി എം.എൽ.എ ഇക്കാര്യത്തിൽ ഇടപെട്ടിട്ടുണ്ട്. സർവെ ഉടൻ പൂർത്തിയാക്കും.
കാട്ടുപന്നി ശല്യം ഗുരുതര പ്രശ്നം
കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാടാണ് കർഷകരെ ദുരിതത്തിലാക്കുന്നത്. കർഷകർ നേരിടുന്നത് അതിഗുരുതരപ്രശ്നമാണ്. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന പന്നികളെ നാട്ടുപന്നികളായി കണ്ട് കൈകാര്യം ചെയ്യണമെന്ന മുൻ ജില്ലാ സെക്രട്ടറിയുടെ നിലപാടാണ് തനിക്കും. ശബരിമല വിമാനത്താവളം വരുന്നതിന് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഊർജിതമാക്കും. ഗവി ടൂറിസം കൂടുതൽ വികസിക്കണം. അവിടെ പരിസ്ഥിതിക്ക് യോജിക്കുന്ന വികസനമാണ് വേണ്ടത്. അബാൻ മേൽപ്പാലം പത്ത് വർഷം കൂടി കഴിഞ്ഞാണ് നിർമ്മിക്കുന്നതെങ്കിൽ ചെലവ് ഭീമമായി വർദ്ധിക്കും.
നവീന്റെ മരണം : പാർട്ടി നിലപാടിൽ മാറ്റമില്ല
എ.ഡി.എം നവീൻബാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാർട്ടി. നിലപാടിൽ മാറ്റമില്ല. കുടുംബത്തിന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാം. എന്നാൽ സി.ബി.ഐ എന്ന സംവിധാനത്തെ പാർട്ടി അനുകൂലിക്കുന്നില്ല. കൂട്ടിലടച്ച തത്ത തന്നെയാണ്. സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തുന്നതിൽ തെറ്റില്ല.
തെറ്റുതിരുത്തി വരുന്നവരെ സ്വീകരിക്കും
ജനങ്ങളാൽ വെറുക്കപ്പെട്ടവരെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്യുന്നില്ല. എന്നാൽ തെറ്റുതിരുത്തി വരുന്നവരെ പാർട്ടി അനുഭാവികളായി സ്വീകരിക്കും. നല്ല മനുഷ്യരാക്കി ഇവരെ മാറ്റിയെടുക്കുകയെന്നത് സി.പി.എമ്മിന്റെ നയമാണ്. ഗുരുതരകുറ്റം ചെയ്യുന്നവർക്ക് പാർട്ടി സംരക്ഷണമാകുമെന്ന് ആരും കരുതേണ്ട. പാർട്ടിയിലേക്ക് വരുന്നവർ പല സ്വഭാവക്കാരാകും. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. പ്രസ് ക്ളബ് പ്രസിഡന്റ് ബിജുകുര്യൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.വിശാഖൻ സംസാരിച്ചു.
ഭഗവത്ഗീതയും ബൈബിളും ഖുറാനും പിടിച്ചുവരുന്നവരെ മാത്രമേ പാർട്ടിയിലേക്ക് സ്വീകരിക്കൂ എന്ന നിലപാടില്ല. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമാണ് ശരിയെന്നു കരുതി പാർട്ടിയിലേക്ക് വരുന്നവരെ സ്വീകരിക്കും.
രാജു എബ്രഹാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |