മലപ്പുറം: അനധികൃതമായി ചെങ്കല്ല് കടത്തിയ ടിപ്പർ ലോറി ഡ്രൈവറെയും പ്രദേശവാസിയേയും പൊലീസ് ക്രൂരമായി മർദ്ദിച്ചതായി ആരോപണം. ഇന്നലെ രാവിലെ 11.30ഓടെ കൂട്ടിലങ്ങാടി കൊളപ്പറമ്പിലായിരുന്നു സംഭവം. ചെങ്കല്ല് കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം പൊലീസ് മീനാർക്കുഴി സ്വദേശിയായ ചെകിടപ്പുറം വീട്ടിൽ ഷാനിബിന്റെ (24) ടിപ്പർ ലോറിക്ക് കൈകാണിച്ചത്. എന്നാൽ ലോറി നിറുത്താതെ പോയി. പൊലീസ് പിന്തുടർന്നെങ്കിലും റോഡിന് വീതി കുറവായതിനാൽ മറികടക്കാനായില്ല. ലോറിയുടെ പിന്നിലെ വാതിൽ തുറന്ന് ചെങ്കല്ല് പൊലീസ് വാഹനത്തിന് മുന്നിലേക്ക് തെറിപ്പിച്ചു. ഇതോടെ പൊലീസ് ഷാനിബിനെ ലോറിയിൽ നിന്ന് പിടിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത പ്രദേശവാസിയായ പെരിന്താട്ടിരി സ്വദേശിയായ കിഴക്കേതിൽ വീട്ടിൽ മുഹമ്മദ് അലിയുടെ (43) മുഖത്തും നെഞ്ചിലും പൊലീസ് മർദ്ദിച്ചെന്നും സംഘർഷത്തിന്റെ വീഡിയോ എടുത്തവരുടെ മൊബൈൽ ഫോണുകൾ പിടിച്ച് വാങ്ങിയെന്നും ദൃക്‌സാക്ഷികൾ പറയുന്നു. പൊലീസ് ഇൻസ്‌പെക്ടർ പി.വിഷ്ണു, എസ്.ഐ സുനീഷ് കുമാർ, സി.പി.ഒമാരായ രഞ്ജിത്ത്, സിറാജുദ്ദീൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
തുടർന്ന്, പൊലീസ് ഇരുവരെയും മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ച് മെഡിക്കൽ പരിശോധന നടത്തുന്നതിനിടെ മുഹമ്മദ് അലിയ്ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന്, അദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വാഹനം ജിയോളജി വകുപ്പിന് കൈമാറും. ഷാനിബിനെ കേസെടുത്ത് വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |