തിരുവനന്തപുരം:സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശിക ഒഴിവാക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. ജനുവരി രണ്ടു മുതൽ ഫെബ്രുവരി 28 വരെയാണ് കുടിശ്ശിക നിവാരണ പദ്ധതിയെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. മരണപ്പെട്ടവർ, മാരകരോഗങ്ങൾ ബാധിച്ചവർ എന്നിവരുടെ വായ്പകൾ തീർക്കാൻ പ്രത്യേക ഇളവുകൾ നൽകും. പദ്ധതി പ്രകാരം പലിശയിൽ പരമാവധി 50%വരെ ഇളവ് ലഭിക്കും. സ്വർണ്ണ പണയം, നിക്ഷേപത്തന്മേലുളള വായ്പ എന്നിവ ഒഴികെയുള്ള എല്ലാതരം കുടിശ്ശികകളും ഇളവുകളോടെ അടച്ചുതീർക്കാം. എം.എം.ഡി.എസ്. ജി.സി.സി.എസ് എന്നിവയ്ക്കും ആനുകൂല്യം ലഭ്യമാണ്.
സ്കിൻ ബാങ്ക്
ഒരു മാസത്തിനകം
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്കിൻ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്. സ്കിൻ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങൾ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണ്. ഇതുനുള്ള നടപടി പുരോഗമിക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ കൂടി സ്കിൻ ബാങ്ക് സ്ഥാപിക്കും. ബേൺസ് യൂണിറ്റുകളെ ശക്തിപ്പെടുത്താനായി ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
31തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്
തിരുവനന്തപുരം: 31 തദ്ദേശവാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനായി നാളെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. 28നാണ് അന്തിമ പട്ടിക പുറത്തിറക്കുക.അർഹരായവർക്ക് www.sec.kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷിച്ച് വോട്ടവകാശം നേടാം.
സി.ഇ.ടിയിൽ എ.ഐ അധിഷ്ഠിത ഗവേഷണം
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ (സി.ഇ.ടി) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഗവേഷണത്തിനും സാങ്കേതികവിദ്യാ വികസനത്തിനും സഹായകമായ ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗ് സിസ്റ്റത്തിന് തുടക്കമായി. 2.93 കോടി രൂപ ചെലവിൽ സ്ഥാപിച്ച സംവിധാനം മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. 22.84 കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന ഇലക്ട്രിക്കൽ എൻജിനീയറിംഗ് ലബോറട്ടറി ബ്ലോക്കിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവ്വഹിച്ചു. ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ.അധ്യക്ഷനായി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ കുതിച്ചുചാട്ടത്തിനൊപ്പം മുന്നോട്ടുപോകാൻ വേണ്ട അടിസ്ഥാന സൗകര്യമായ ഉയർന്ന കമ്പ്യൂട്ടിംഗ് പവർ സിസ്റ്റത്തിന്റെ ലഭ്യതയിലുള്ള കുറവാണ് പുതിയ സംവിധാനം കൊണ്ടുവന്നതോടെ പരിഹരിക്കപ്പെട്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പി.എസ്.സി വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: പി.എസ്.സിയുടെ 2025-ലെ വാർഷിക പരീക്ഷാ കലണ്ടർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2024 ഡിസംബർ 31 വരെ വിജ്ഞാപനം ചെയ്തതും ഇതിനകം പരീക്ഷകൾ നിശ്ചയിക്കാത്തതുമായ തസ്തികകളുടെ സാദ്ധ്യതാ കലണ്ടറാണ് പ്രസിദ്ധീകരിച്ചത്. പൊതുപ്രാഥമിക പരീക്ഷകൾ, ഒറ്റത്തവണ പരീക്ഷകൾ, മുഖ്യപരീക്ഷകൾ എന്നിവയുടെ സമയക്രമം ഇതിൽ ഉൾപ്പെടും. പരീക്ഷാ കലണ്ടറിൽ ഉൾപ്പെട്ട എല്ലാ തസ്തികകളുടേയും സിലബസ് ജനുവരി 15ഓടുകൂടി പ്രസിദ്ധീകരിക്കും. മേയ് - ജൂലായ് മാസങ്ങളിലായി നടക്കുന്ന ബിരുദതല പരീക്ഷയിൽ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയും ഉൾപ്പെടും. നൂറ് മാർക്ക് വീതമുള്ള രണ്ടു പേപ്പറുകൾ ഉൾപ്പെടുന്ന അസിസ്റ്റന്റ് തസ്തികയുടെ മുഖ്യപരീക്ഷ ആഗസ്റ്റ് - ഡിസംബർ കാലയളവിൽ നടക്കും. എസ്.ഐ, എ.പി.എസ്.ഐ, എക്സൈസ് ഇൻസ്പെക്ടർ തുടങ്ങിയ തസ്തികകളിലെ മുഖ്യപരീക്ഷയും ആഗസ്റ്റ് - ഡിസംബർ കാലയളവിൽ നടക്കും. കായികക്ഷമതാ പരീക്ഷകളുടെ സമയക്രമം 15ന് പ്രസിദ്ധീകരിക്കും. കേരള ജനറൽ സർവീസിൽ ഡിവിഷണൽ അകൗണ്ടന്റ് തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷ മേയ് - ജൂലായ് മാസങ്ങളിലും മുഖ്യപരീക്ഷ ആഗസ്റ്റ്-ഒക്ടോബർ മാസങ്ങളിലുമായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |