കൊല്ലം: യൂത്ത് മൂവ്മെന്റും വനിതാസംഘവും അടക്കമുള്ള യോഗത്തിന്റെ പോഷക സംഘടനകളെ കൂടുതൽ ശക്തമാക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗത്തിന്റെ മൈസൂർ ക്യാമ്പിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിന് മുന്നോടിയായി കൊല്ലത്ത് സംഘടിപ്പിച്ച യൂണിയൻ ഭാരവാഹികളുടെ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് മൂവ്മെന്റ് നിലവിൽ ചതഞ്ഞുകിടക്കുകയാണ്. അതിനാൽ നേതാക്കളെ മാറ്റാൻ നിർബന്ധിതരായിരിക്കുകയാണ്. ശാഖാതലം മുതൽ ജനങ്ങളുമായി ബന്ധമുള്ളവരെ യൂത്ത് മൂവ്മെന്റിന്റെ നേതാക്കളായി കൊണ്ടുവരണം. വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ പല യൂണിയനുകളും തങ്ങൾക്ക് ഇഷ്ടപ്പെട്ട ബിംബങ്ങളെ പ്രതിഷ്ഠിച്ചിരിക്കുകയാണ്. അവരെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല. യോഗം തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവരുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് ശേഖരിച്ച് കൈമാറൽ വേഗത്തിലാക്കണം.
എസ്.എൻ.ഡി.പി യോഗത്തെ നശിപ്പിക്കാൻ ശിവഗിരിയിലെ ചില സ്വാമിമാർ ശ്രമിക്കുന്നുണ്ടെന്ന് ജനറൽ സെക്രട്ടറി ആരോപിച്ചു. ശിവഗിരിയിൽ ചെല്ലുന്ന യൂണിയൻ ശാഖ ഭാരവാഹികളോട് ചിലർ മോശമായി പെരുമാറുന്നു. ശിവഗിരി തീർത്ഥാടന സമ്മേളനങ്ങളിൽ എസ്.എൻ.ഡി.പി യോഗം യൂണിയൻ നേതാക്കൾക്ക് അർഹമായ പരിഗണന നൽകിയില്ല. ശാഖകളിൽ ഗുരുദേവ പ്രതിഷ്ഠ നടക്കുമ്പോൾ യോഗത്തിന്റെ വൈദിക സംഘത്തിലുള്ളവരെ വിളിച്ചാൽ മതിയാകും. ശിവഗിരിയുടെ വളർച്ചയ്ക്ക് പിന്നിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ കരുത്തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂണിയനുകളുടെ നേതൃത്വത്തിൽ ആയിരങ്ങളെയാണ് പദയാത്രികരായി തീർത്ഥാടനത്തിനെത്തിക്കുന്നത്. മതേതരത്വത്തിന്റെ കേന്ദ്രമായ ശിവഗിരിയിൽ തീർത്ഥാടകരായി ഇതര മതത്തിൽപ്പെട്ട ആരെയെങ്കിലും കൊണ്ടുവരാൻ സ്വാമിമാർക്ക് കഴിഞ്ഞോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. വേളാങ്കണ്ണിയിൽ നമ്മൾ പോകുന്നുണ്ടല്ലോ. നമ്മുടെ ആത്മീയ കേന്ദ്രമാണ് ശിവഗിരി. ശിവഗിരിയിൽ നിന്നും വിട്ടുപോയ കരുണാകര ഗുരു എന്തെല്ലാം സ്ഥാപനങ്ങൾ തുടങ്ങി. ശിവഗിരിയിലെ സ്വാമിമാർക്ക് സ്വന്തമായി ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും തുടങ്ങാൻ കഴിഞ്ഞില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
രമേശ് ചെന്നിത്തല എൻ.എസ്.എസിന്റെ പുത്രനാണെന്ന് സുകുമാരൻ നായർ പറഞ്ഞതോടെ അവർ തമ്മിൽ അപ്പൻ, മകൻ ബന്ധമാണെന്ന് വ്യക്തമായി. താനാണ് ഇങ്ങനെ പറഞ്ഞിരുന്നതെങ്കിൽ എന്തെല്ലാം കോലഹാലങ്ങൾ ഉണ്ടായേനെയെന്ന് വെള്ളാപ്പള്ളി ചോദിച്ചു. നമുക്ക് വേണ്ടി പറയാൻ അങ്ങനെ ആരുമില്ല. തദ്ദേശ സ്ഥാപനങ്ങളിൽ ശക്തി സമാഹരിച്ച് നമ്മുടെ ആളുകളെ വിജയിപ്പിക്കണം.
യോഗം കൗൺസിലർ പി.സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സ്വാഗതം പറഞ്ഞു. യോഗം കൗൺസിലർമാരായ പച്ചയിൽ സന്ദീപ്, വിപിൻരാജ് എന്നിവർ സംസാരിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ യൂണിയൻ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |