തിരുവനന്തപുരം: മതിയായ യോഗ്യത നേടാതെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ തസ്തികയിൽ തുടരുന്നവർക്കെതിരെ നടപടിയെടുക്കാനും സ്ഥാനക്കയറ്റം റദ്ദാക്കാനുമുള്ള വനംവകുപ്പ് ഉത്തരവ് പൂഴ്ത്തി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ, ഹൈക്കോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിൽ അഡി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എ.പി.സി.സിഎഫ്) 2021 മാർച്ച് 25ന് നൽകിയ ഉത്തരവാണ് മൂന്നുവർഷം കഴിഞ്ഞിട്ടും നടപടിയൊന്നുമില്ലാതെയിരിക്കുന്നത്.
വനംവകുപ്പിൽ ആകെയുള്ള 947 എസ്.എഫ്.ഒമാരിൽ മതിയായ യോഗ്യത നേടാതെ 284 പേർ സർവീസിൽ തുടരുന്നുണ്ടെന്ന് എ.പി.സി.സി.എഫിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിസംബർ 2ന് എ.പി.സി.സിഎഫ് അഞ്ച് സർക്കിളുകളിലെയും സി.സി.എഫുമാർക്ക് വീണ്ടും കത്തയച്ചിട്ടുണ്ട്. യോഗ്യത നേടാതെയും പ്രൊബേഷൻ ഡിക്ലയർ ചെയ്യാതെയും സർവീസിൽ തുടരുന്നവർക്കെതിരെ നടപടിയെടുത്ത് അറിയിക്കാനാണ് നിർദ്ദേശം. 2022ലും 275 പേർ യോഗ്യത നേടാത്തതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് 2022 നവംബറിലും 2023 സെപ്തംബറിലും നിർദ്ദേശം നൽകിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.
എസ്.എഫ്.ഒ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരുടെ സ്ഥാനക്കയറ്റം അടക്കമുള്ള നടപടികൾ അതത് സർക്കിളുകളിലാണ് പൂർത്തിയാക്കുന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫീസറായി നിയമനം നേടുന്നവർക്ക് മൂന്ന് വകുപ്പുതല പരീക്ഷയും 9 മാസത്തെ പരിശീലനവും വിജയകരമായി പൂർത്തിയാക്കിയാലേ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കൂ എന്നാണ് 2010ൽ പ്രാബല്യത്തിലായ സ്‌പെഷ്യൽ റൂളിൽ പറയുന്നത്. എന്നാൽ, യോഗ്യത നേടാതെ പ്രൊബേഷൻ നീട്ടി, റേഞ്ച് ഓഫീസർവരെയാകാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു.
അച്ചടക്ക നടപടി അല്ലെങ്കിൽ സ്ഥാനക്കയറ്രം റദ്ദാക്കൽ
യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്രം നൽകിയിട്ടുണ്ടെങ്കിൽ പ്രൊബേഷൻ കാലയളവിൽ അതിനുള്ള അവസരം നൽകണമെന്നാണ് ചട്ടം. പ്രൊബേഷൻ കാലത്തും യോഗ്യത നേടാൻ കഴിഞ്ഞില്ലെങ്കിൽ ഒരു തവണ പ്രൊബേഷൻ നീട്ടിനൽകാം. യോഗ്യത നേടാതെയും യഥാസമയം പ്രൊബേഷൻ ഡിക്ലയർ ചെയ്യാതെയും സർവീസിൽ തുടരുന്നത് ചട്ടലംഘനമാണ്. ഇത്തരത്തിലുള്ളവരെ പ്രൊബേഷനിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്യുകയോ സ്ഥാനക്കയറ്റം റദ്ദാക്കുകയോ ചെയ്യണമെന്നാണ് സർവീസ് ചട്ടം 21ൽ പറയുന്നത്. ഇക്കാര്യത്തിലെ വീഴ്ചയ്ക്ക് അതത് സർക്കിളുകളിലെ നിയമനാധികാരികളും ഉത്തരവാദികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |