
പാലോട്: പെരിങ്ങമല പഞ്ചായത്തിലെ മലയോര മേഖലയിൽ ആനശല്യം രൂക്ഷമാകുന്നു. രാത്രിയായാൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. ഇടവം കാട്ടിലക്കുഴി,കോളച്ചൽ നാല് സെന്റ് കോളനി,കൊന്നമൂട് പ്രദേശങ്ങളിൽ കഴിഞ്ഞ നാല് ദിവസമായി കാട്ടാനക്കൂട്ടത്തിന്റെ ശല്യം രൂക്ഷമാണ്. നിരവധി സമരങ്ങളും ധർണകളും നടത്തുകയും നിവേദനങ്ങൾ നൽകുകയും ചെയ്‌തെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ല.
ആനകൾ വീടിന് സമീപമെത്തുമ്പോൾ വനം വകുപ്പിനെ അറിയിക്കും. അഞ്ചോ ആറോ ജീവനക്കാർ എത്തിയാലും ആനയെ തുരത്താൻ കഴിയില്ല. ഒറ്റക്കും കൂട്ടമായുമെത്തുന്ന ആനകൾ കൃഷിയിടം നശിപ്പിക്കുന്നതുപോലെ കോഴിക്കൂടും വീടിന്റെ അടുക്കളയും ഉൾപ്പെടെ നശിപ്പിക്കുന്നുണ്ട്. ആനകൾ കടന്നുവരുന്ന വഴികളിൽ കിടങ്ങുകൾ സ്ഥാപിച്ച് ആനകൾ ജനവാസമേഖലയിലേക്ക് കടക്കുന്നത് തടയാനുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കണം. കൂടാതെ അധികൃതരുടെ ഭാഗത്തുനിന്ന് വന്യമൃഗശല്യം തടയുന്നതിനുള്ള നടപടികൾ ഉടൻ ഉണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് ജനങ്ങൾ പറയുന്നു.
കാട്ടുപോത്ത്,പന്നി,മ്ലാവ്,കേഴയാട്,കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ശല്യവും ഈ ഭാഗങ്ങളിൽ രൂക്ഷമാണ്.
വ്യാപകമായ നാശം
ആനയുടെ അക്രമണത്തെ പേടിച്ച് കർഷകർ നൂറുകണക്കിന് കുലയ്ക്കാറായ വാഴകളാണ് വെട്ടിനശിപ്പിച്ചത്. പലരും വന്യമൃഗശല്യത്താൽ കൃഷി പൂർണമായും ഉപേക്ഷിച്ചു. കാട്ടാനശല്യം രൂക്ഷമല്ലാതിരുന്ന പ്രദേശങ്ങളിൽ കോളച്ചൽ,കൊച്ചുവിള,സെന്റ് മേരീസ്,മുത്തിക്കാണി,ചെന്നല്ലിമൂട്,പന്നിയോട്ട് കടവ്,ചിപ്പൻചിറ,ജവഹർ കോളനി,ചാത്തി ചാച്ച മൺപുറം എന്നിവിടങ്ങളിലെ വീടുകളും ആരാധനാലയങ്ങളും വരെ ആന തകർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |