
തിരുവനന്തപുരം: എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്ന വിചിത്ര നിർദ്ദേശവുമായി എക്‌സൈസ് കമ്മീഷണർ എം ആർ അജിത്കുമാർ. ഇന്നലെ വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അജിത്കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹോട്ടലിലോ ഗസ്‌റ്റ് ഹൗസിലോ മന്ത്രി താമസിച്ചാലും ഉദ്യോഗസ്ഥരും വാഹനവും ഉണ്ടാകണമെന്നും അജിത്‌കുമാറിന്റെ നിർദ്ദേശത്തിൽ പറയുന്നു. ഓഫീസുകൾ വൃത്തിയായി സൂക്ഷിക്കാൻ സ്വന്തമായി ഫണ്ട് കണ്ടെത്തണമെന്നും അദ്ദേഹം യോഗത്തിൽ നിർദ്ദേശം നൽകി.
മന്ത്രിക്ക് എസ്കോർട്ട് നൽകുന്ന ദിവസം എൻഫോഴ്സ്മെന്റ് നടപടികൾ വേണ്ടെന്നും കമ്മീഷണർ നിര്‍ദ്ദേശിച്ചിട്ടുണ്ട്.എന്നാൽ എക്സൈസ് കമ്മീഷണറുടെ നിർദ്ദേശം വകുപ്പ് മന്ത്രി അറിയാതെയാണെന്നാണ് വിവരം. എക്സൈസ് കമ്മീഷണറുടെ നിർദ്ദേശത്തെക്കുറിച്ച് അറിയില്ലെന്നും അങ്ങനെയൊരു ഉത്തരവിന് സാദ്ധ്യതയുമില്ലെന്നാണ് എക്സൈസ് മന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം
എന്നാൽ അജിത്‌കുമാറിന്റെ നിർദ്ദേശത്തെ തള്ളി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രോട്ടോക്കോള്‍ തീരുമാനിക്കേണ്ടത് സർക്കാരാണെന്നും ഏതെങ്കിലും ഉദ്യോഗസ്ഥൻ അല്ലെന്നുമാണ് ശിവന്‍കുട്ടി പ്രതികരിച്ചത്. 'മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷയ്ക്ക് ഒരു പ്രോട്ടോക്കോൾ ഉണ്ട്. ആ പ്രോട്ടോക്കോൾ പ്രകാരമാണ് കാര്യങ്ങൾ നടക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് ചില മാദ്ധ്യമങ്ങൾ യുഡിഎഫിനെ അധികാരത്തിലേറ്റും. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജനങ്ങൾ എൽഡിഎഫിനെ ഭരണത്തിൽ എത്തിക്കും. അതാണ് കേരളത്തിൽ കണ്ടുവരുന്നത്.
കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്റെ മുഖ്യമന്ത്രിയും ക്യാബിനറ്റുമടക്കം ചിലർ തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പുശേഷം എൽഡിഎഫിന് ഭരണ തുടർച്ചയാണ് ഉണ്ടായത്. ജനങ്ങൾ എന്തിന് ഇടതുമുന്നണിയെ വേണ്ട എന്ന് പറയണം. ഏതെങ്കിലും ഒരു മന്ത്രിക്കെതിരെ ഒരു രൂപയുടെ അഴിമതി ആരോപണം ഉണ്ടോ?'- മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |