തിരുവനന്തപുരം: കാണികളെ കരയിച്ചാണ് വെള്ളാർമല ജി.വി.എച്ച്.എസ്.എസ് ടീം നാടകവേദിയിലെത്തി.ത്. അഭിനേതാക്കളായ പത്തുപേരും വയനാട്ടിൽ ഉരുൾകവർന്ന 33 കുരുന്നുകളുടെ സുഹൃത്തുക്കളാണ്. അതിൽ ഏഴുപേർക്കും ഉരുൾപൊട്ടലിൽ കിടപ്പാടം നഷ്ടമായി. ദുരന്തത്തിനിപ്പുറമുള്ള ജീവിതമാണ് അവർ വേദിയിലെത്തിച്ചത്.
തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ" ചെറുകഥയെ ആസ്പദമാക്കിയ നാടകം കാണികളുടെ കണ്ണീരും കരഘോഷവും നേ. ദുരന്തത്തെത്തുടർന്ന് ക്യാമ്പിൽ ഉന്മേഷമില്ലാതെ ചടഞ്ഞിരിക്കുന്ന കുട്ടികളോട് അദ്ധ്യാപകനാണ് 'വെള്ളപ്പൊക്കത്തിൽ" കഥ പറഞ്ഞത്. അവിടെ നിന്നാണ് നാടകത്തിനുള്ള തയ്യാറെടുപ്പും തുടങ്ങി. നാടകം അവസാനിക്കുന്നിടത്ത് 'ഇത് കഥയല്ല മാഷേ ഞങ്ങളുടെ ജീവിതമാണെന്ന്" കുട്ടികൾ കണ്ണീരോടെ പറയുമ്പോൾ സദസാകെ കണ്ണീരണിഞ്ഞു.
തകഴി സ്മാരകസമിതി സെക്രട്ടറി കെ.ബി. അജയകുമാറിന്റേതാണ് രചന. സംവിധാനം ജോബ് മഠത്തിൽ. പ്രഥമാദ്ധ്യാപകൻ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള അദ്ധ്യാപകരുടെ പരിശ്രമമാണ് നാടകത്തിന് പിന്നിൽ. ജില്ലാതലത്തിൽ അപ്പീൽനേടിയാണ് ടീം മത്സരത്തിനെത്തിയത്.
നായയുടെ വിലാപമായി അമൽജിത്ത്!
കേന്ദ്രകഥാപാത്രമായ ചേന്നന്റെ നായയുടെ ഭാവങ്ങളും സദസ് നെഞ്ചേറ്റി. വെള്ളപ്പൊക്കത്തിൽ യജമാനനെ പിരിയേണ്ടിവന്ന നായയുടെ ദയനീയമായ നിലവിളിയും കാത്തിരിപ്പും ജീവസുറ്റതാക്കിയത് സബ്‌ജില്ലയിലും ജില്ലയിലും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട അമൽജിത്തായിരുന്നു. മേപ്പാടി ഒന്നാംവയലിലെ വാടകവീട്ടിൽ നിന്നെത്തിയ ഈ 12 കാരൻ വയനാട് ദുരന്തത്തിൽ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചെളിയിൽ താണുതുടങ്ങിയ അവനെ നാട്ടുകാരാണ് രക്ഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |