സുൽത്താൻ ബത്തേരി: 'അച്ഛൻ മരിച്ചിട്ട് ഒരു അനുശോചനം പോലും അറിയിച്ചില്ല. അര നൂറ്റാണ്ടുകാലം കോൺഗ്രസിനായി പ്രവർത്തിച്ച വ്യക്തിയായിരുന്നു. പ്രതിസന്ധിയിലായപ്പോൾ ഒരു തരത്തിലും സഹായിച്ചില്ല, പാടെ കൈവിട്ടു. അച്ഛന് കുടുംബത്തെക്കാൾ വലുത് പാർട്ടിയായിരുന്നു.' ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി ട്രഷറർ എൻ.എം.വിജയന്റെ മകൻ വിജേഷും മരുമകൾ പത്മജയും പറഞ്ഞു. വിജയന്റെ ആത്മഹത്യാക്കുറിപ്പും കെ.പി.സി.സി നേതാക്കൾക്ക് എഴുതിയ കത്തും പുറത്തുവന്നതിനു പിന്നാലെ നേതാക്കളുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.
കെ.പി.സി.സി നേതൃത്വത്തിനെതിരെയും ഇരുവരും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും കത്ത് നേരിട്ട് നൽകിയതാണ്. കത്ത് വായിച്ച പ്രതിപക്ഷ നേതാവ് വിഷയത്തിൽ വ്യക്തികളാണെന്നും പാർട്ടിയല്ലെന്നും പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റാകട്ടെ കത്ത് അല്പഭാഗം മാത്രം വായിച്ചു. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയേയും വീട്ടിലെത്തി കത്ത് വായിച്ച് കേൾപ്പിച്ചിരുന്നു. എന്നിട്ടും കത്ത് കണ്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
അച്ഛന്റെ മരണം കുടുംബ പ്രശ്നമായി വരുത്തി തീർക്കാൻ പാർട്ടി ശ്രമിച്ചു. ഇക്കൂട്ടരാണ് അച്ഛന്റെയും സഹോദരന്റെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ തന്നെ ദഹിപ്പിക്കണമെന്ന് പറഞ്ഞ് ബഹളം വച്ചത്. അച്ഛൻ കത്തിൽ സൂചിപ്പിച്ചത് ക്ഷേത്ര ശ്മശാനത്തിൽ സംസ്‌കരിക്കണമെന്നായിരുന്നു.
'ഗൗരവമായി എടുത്തില്ല'
അച്ഛന്റെ വിഷയം നേരത്തെ കോൺഗ്രസിന്റെ കമ്മിറ്റികളിൽ ഉയർന്നു വന്നിരുന്നു. എന്നാൽ, ആരും കാര്യമായി ഗൗനിച്ചില്ല. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിൽ സാമ്പത്തിക പ്രശ്നം ഉയർന്നെങ്കിലും വിഷയത്തെ ഗൗരവമായി എടുത്തില്ല. സഹകരണ ബാങ്ക് നിയമന കോഴയുമായി ബന്ധപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ നേരത്തെ തന്നെ പാർട്ടി നേതൃത്വത്തിന് സൂചന നൽകിയിരുന്നു. ഒന്നോ രണ്ടോ പേർക്കെതിരെ മാത്രം പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു.
കത്ത് കിട്ടിയില്ലെന്ന്
പറഞ്ഞിട്ടില്ല: സതീശൻ
തിരുവനന്തപുരം: മരണപ്പെട്ട വയനാട് ഡി.സി.സി ട്രഷററുടെ കുടുംബത്തിന്റെ കത്ത് തനിക്ക് ലഭിച്ചിരുന്നെന്നും കിട്ടിയിട്ടില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മാദ്ധ്യമ പ്രവർത്തകർ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ പ്രകോപിപ്പിച്ച് തനിക്കെതിരെ പറയിക്കാനാണ് ശ്രമിച്ചത്.
രണ്ടു ദിവസം മുൻപാണ് പറവൂരിലെ ഓഫീസിലെത്തി കുടുംബാംഗങ്ങൾ കത്ത് തന്നത്. അവ്യക്തതയുള്ള ഭാഗങ്ങൾ അവരോട് തന്നെ വിശദമായി ചോദിച്ചറിഞ്ഞു. പാർട്ടിയിലെ എല്ലാവരുമായും ആലോചിച്ച് മറുപടി പറയാമെന്നാണ് അവരോട് പറഞ്ഞത്. പക്ഷേ, ഇപ്പോൾ കത്ത് പുറത്തു വന്നു. കെ.പി.സി.സി കമ്മിറ്റി അന്വേഷിച്ചു കൊണ്ടിരിക്കുമ്പോൾ അതേക്കുറിച്ച് അഭിപ്രായം പറയുന്നത് ബാലിശമാണ്.
കത്തുമായി എത്തിയപ്പോൾ താൻ മോശമായി പെരുമാറിയിട്ടില്ല. ക്ലാരിറ്റി ഇല്ലെന്ന് താൻ പറഞ്ഞെന്നാണ് അവർ പറഞ്ഞത്. അത് ശരിയാണ്. കത്തിലെ ചില ഭാഗങ്ങൾ വായിച്ചാൽ മനസിലാകില്ല. അതേക്കുറിച്ച് ക്ലാരിറ്റി വരുത്തി. അവരുടെ മുന്നിൽ വച്ചാണ് മുഴുവൻ വായിച്ചു നോക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |