പയ്യന്നൂർ: ഐവർ പരദേവത ക്ഷേത്രങ്ങളിൽ പ്രമുഖമായ കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രത്തിൽ ഇന്നാരംഭിക്കുന്ന ചതുർദിന കളിയാട്ട മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. പുലിയൂരുകാളിയുടെ കല്ല്യാണമായ കളിയാട്ടത്തിന് വാല്യക്കാർ അതിരാവിലെ തന്നെ പരമ്പരാഗത രീതിയിൻ പന്തൽ ഒരുക്കങ്ങൾ നടത്തി. 3 കെട്ട് ഓല, പാന്തം, തിരിയോല എന്നിവ കൊണ്ട് നിർമ്മിച്ച പന്തൽ നിലം തൊടാതെ നാല് തൂണുകളിൽ ഒരേ സമയം കയറിയാണ് മേൽക്കുര ഉറപ്പിക്കുന്നത്.
ഇന്നു രാവിലെ ദേശാധിപനായ പയ്യന്നൂർ പെരുമാളെ ക്ഷേത്ര ആചാരക്കാർ തൊഴുത് വണങ്ങി തീർത്ഥവുമായി ക്ഷേത്രത്തിൽ എത്തും. തുടർന്ന് ക്ഷേത്ര ഭണ്ഡാരപുരയിൽ നിന്ന് ദീപവും തിരിയും കൊണ്ട് വന്ന് ഉച്ചയോടെ തെയ്യം പാടി കൂട്ടി ചടങ്ങുകൾ ആരംഭിക്കും. വൈകീട്ട് പുള്ളിക്കരിങ്കാളിയുടെയും പുലിയൂരുകാളിയുടെയും തോറ്റം അരങ്ങിൽ എത്തും. എഴുന്നള്ളത്തിന് ശേഷം കരിന്തിരി നായർ ദൈവത്തിന്റെ വെള്ളാട്ടം. തുടർന്ന് കലാപരിപാടി സ്റ്റാർ സിംഗർ ഫെയിം ബൽറാം മോഹൻദാസ്, നന്ദ ജയദേവ് നയിക്കുന്ന കാലിക്കറ്റ് അമ്മ മ്യൂസിക്ക് ഇവന്റിന്റെ മെഗാ മൂസിക്കൽ നെറ്റ് അരങ്ങേറും.
കരിന്തിരി നായർ ദൈവം , കണ്ടപ്പുലി- മാരപ്പുലി - ദൈവകോലങ്ങൾ, വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി തോറ്റം അരങ്ങിൽ എത്തും. 10, 11 തീയതികളിൽ വിവിധ ദൈവക്കോലങ്ങൾ അരങ്ങിലെത്തി അനുഗ്രഹം ചൊരിയും. 10ന് രാത്രി 8ന് കൊച്ചിൻ ചന്ദ്രകാന്തയുടെ "ഉത്തമന്റെ സങ്കീർത്തനം" നാടകം. 11ന് രാത്രി 10ന് മൂന്ന് ദേശങ്ങളിൽ നിന്നുള്ള കാഴ്ചവരവ്. 12ന് രാവിലെ പൂലിൻകീഴിൽ ദൈവം, വൈകിട്ട് പുള്ളിങ്കരിങ്കാളി, പുലിയൂരുകാളി, വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി തെയ്യക്കോലങ്ങൾ. രാത്രി 12 ന് പുലിയൂരുകാളിയുടെ ആറാടിക്കലോടെ കളിയാട്ടം സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |