മാവേലിക്കര: പുല്ലുപാറ ബസ് അപകടത്തിൽ മരിച്ച നാലു പേരിൽ രണ്ടു പേരുടെ സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു. മറ്റംവടക്ക് കാർത്തികയിൽ അരുൺ ഹരിയുടെയും (37) പല്ലാരിമംഗലം കോട്ടയ്ക്കകത്ത് തെക്കേതിൽ രമാമോഹന്റേയും (62) സംസ്‌ക്കാരമാണ് വീട്ടുവളപ്പുകളിൽ നടന്നത്. ഇതോടെ നാലുപേരുടെയും സംസ്‌കാരം പൂർത്തിയായി.
യാത്രകളെ ഏറെ സ്‌നേഹിച്ചവരുടെ അന്ത്യയാത്രയ്ക്ക് നാട് കണ്ണീരോടെയാണ് വിടചൊല്ലിയത്. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ വൻ ജനാവലി ഇരുവീടുകളിലുമെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. രാവിലെ പതിനൊന്നുമണിയോടെയാണ് മോർച്ചറികളിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇരുവീടുകളിലും എത്തിച്ചത്. അരുൺ ഹരിയുടെ മൃതദേഹത്തിനരികിലേക്ക് ഇതേ അപകടത്തിൽ പരിക്കേറ്റ അമ്മയെ സ്‌ട്രെച്ചറിൽ എത്തിച്ചത് സങ്കടക്കാഴ്ചയായി. ഒന്നരമണിക്കൂറിന് ശേഷം അവരെ ആശുപത്രിയിലേക്ക് തിരികെ കൊണ്ടു പോയതിനു ശേഷമാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചത്. അരുണിന്റെ മാതൃസഹോദരി പുത്രൻ ജ്യോതിഷാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്. രമാമോഹന്റെ അന്ത്യകർമ്മങ്ങൾ മക്കളായ മനുവും രേശ്മയും ചേർന്ന് നിർവഹിച്ചു. രമാമോഹന്റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് ഭർത്താവ് മോഹനൻ നായരും മക്കളും പൊട്ടികരഞ്ഞത് കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. യാത്രയിൽ ഒപ്പമുണ്ടായിരുന്ന മോഹനൻനായർ പരിക്കേറ്റിരുന്നു. അപകടത്തിൽ മരിച്ച മാവേലിക്കര മറ്റം തെക്ക് സോമസദനത്തിൽ സംഗീത് സോമൻ (43), കൊറ്റാർകാവ് കൗസ്തുഭത്തിൽ ബിന്ദു നാരായണൻ (59) എന്നിവരുടെ സംസ്‌കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |