തിരുവല്ല : മഴക്കാലത്ത് ഒഴുകിയെത്തിയ മാലിന്യങ്ങളും കടപുഴകിയ മരങ്ങളും വൈക്കത്തില്ലം - വെള്ളൂർക്കടവ് തോടിന്റെ നീരൊഴുക്ക് തടസപ്പെടുത്തി. പലയിടത്തും മാലിന്യങ്ങൾ കുമിഞ്ഞുകൂടിയ നിലയിലാണ്. കാക്കപ്പോളയും മാലിന്യങ്ങളും അഴുകിയതോടെ വെള്ളം കറുത്തുകുറുകി ഉപയോഗശൂന്യമായി. തോട്ടിലെ വെള്ളത്തിന് രൂക്ഷദുർഗന്ധവുമാണ്. ജലനിരപ്പ് താഴ്ന്നതോടെ കൊതുക് ശല്യവും രൂക്ഷമാണ്. നെടുമ്പ്രം, വെള്ളൂർക്കടവ്, കടയാന്ത്ര, വൈക്കത്തില്ലം, കോച്ചാരിമുക്കം, തുമ്പേമാലി ഉൾപ്പെടെയുള്ള ഭാഗങ്ങളിലെല്ലാം ഒഴുക്ക് തടസപ്പെട്ട് മാലിന്യങ്ങൾ നിറഞ്ഞു. അപ്പർകുട്ടനാട്ടിൽ പാടശേഖരങ്ങളിലേക്ക് വെള്ളം എത്തുന്ന പ്രധാന ജലസ്രോതസാണിത്. തോട്ടിലെ ഒഴുക്ക് തടസപ്പെട്ടതിനാൽ കൃഷിയെയും ദോഷകരമായി ബാധിക്കും. ഒഴുക്ക് നിലച്ചതോടെ പാടങ്ങളിലേക്ക് വെള്ളം എത്തിക്കേണ്ട കൈത്തോടുകളും നാശത്തിലാണ്. കുളിക്കാനും മറ്റ് ഗാർഹിക ആവശ്യങ്ങൾക്കുമെല്ലാം മുമ്പ് പ്രദേശവാസികൾ ആശ്രയിച്ചിരുന്ന തോടാണിത്.
പോളയും പായലും നീക്കംചെയ്യാതെ
വർഷംതോറും പോളയും പായലും നീക്കംചെയ്ത് ആഴംകൂട്ടി തോട് തെളിക്കാത്തത് ഒഴുക്ക് തടസപ്പെടാൻ കാരണമാകുന്നു. വെള്ളപ്പൊക്കത്തിൽ മീൻ പിടിക്കാനായി സ്ഥാപിച്ച പെരുംകൂടുകൾ തോടിന്റെ സുഗമമായ നീരൊഴുക്കിന് തടസമാകുന്നുണ്ട്. ആറ്റുതീരങ്ങളിലെ മുളക്കൂട്ടങ്ങളും തോട്ടിലേക്ക് വീണ് കിടക്കുന്നതിനാൽ വള്ളത്തിൽ പോലും തോട്ടിലൂടെ പോകാനാകില്ല.
വിധവയുടെ പരാതിക്കും പരിഹാരമില്ല
തോടിന്റെ മറുകരയിലുള്ള കൂറ്റൻ പനമരം കടപുഴകി വീടിന് പിന്നിലെ സംരക്ഷണഭിത്തി തകർന്നിട്ട് രണ്ട് മാസമായി. ഇതുസംബന്ധിച്ച് നെടുമ്പ്രം പഞ്ചായത്ത് വെള്ളൂർക്കടവ് പാലത്തിന് സമീപത്ത് താമസിക്കുന്ന വിധവയായ ജഗദമ്മ രാമചന്ദ്രൻ ഒരുമാസം മുമ്പ് ആർ.ഡി.ഓഫിസിൽ പരാതി നൽകി. പരിഹാരം ഉണ്ടാകാത്തതിനാൽ വീണ്ടും പരാതി നൽകിയെങ്കിലും ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |