ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ ഡൽഹിയിൽ മുഖ്യമന്ത്രിയുടെ വസതിയുടെ പേരിൽ വീണ്ടും ആം ആദ്മി- ബി.ജെ.പി പോര് രൂക്ഷം. വസതിയിൽ സ്വർണം പിടിപ്പിച്ച ടോയ്‌ലെറ്റ്, നീന്തൽക്കുളം തുടങ്ങിയ അത്യാഡംബരങ്ങളുണ്ടെന്ന ബി.ജെ.പിയുടെ ആരോപണം തെളിയിക്കുമെന്ന് വ്യക്തമാക്കി ഇന്നലെ ആം ആദ്മി പാർട്ടി രംഗത്തെത്തി. രാവിലെ മാദ്ധ്യമങ്ങളുമായി 6, ഫ്ളാഗ്സ്റ്റാഫ് റോഡിലെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് മന്ത്രി സൗരഭ് ഭരദ്വാജിന്റെയും സഞ്ജയ് സിംഗ് എം.പിയുടെയും നേതൃത്വത്തിലെത്തിയ ആം ആദ്മി പാർട്ടി പ്രവർത്തകരെ പൊലീസ് തടഞ്ഞു. വസതിക്കുള്ളിൽ കയറി മാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യത്തിൽ പരിശോധന നടത്തി ബി.ജെ.പിയുടെ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുമെന്ന് ആം ആദ്മി നേതാക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബാരിക്കേഡും സുരക്ഷാസന്നാഹവും അണിനിരത്തി തടസം നിന്നതോടെ നേതാക്കൾ പൊലീസിന് നേരെ തിരിഞ്ഞ് തർക്കത്തിലേർപ്പെട്ടു. അവിടെ ധർണയിരുന്നു. 33.66 കോടി ചെലവാക്കി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടി പിടിപ്പിച്ചെന്ന വിവാദം ഇതോടെ പുതിയ തലത്തിലേക്ക് കടന്നു.
പ്രധാനമന്ത്രിയുടെ വസതിക്ക്
സമീപം പ്രതിഷേധം
ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രകടനം നടത്താൻ ആം ആദ്മി പാർട്ടി നേതാക്കളും പ്രവർത്തകരും ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. 2700 കോടി മുടക്കി പ്രധാനമന്ത്രിയുടെ വസതി മോടിപിടിപ്പിക്കുകയാണെന്ന് പറയുന്നു. ജനങ്ങൾ പ്രധാനമന്ത്രിയുടെയും ഡൽഹി മുഖ്യമന്ത്രിയുടെയും വസതികൾ കണ്ട് തീരുമാനമെടുക്കട്ടെയെന്ന് സൗരഭ് ഭരദ്വാജ് പ്രതികരിച്ചു.
തിരിച്ചടിച്ച് ബി.ജെ.പി
ആം ആദ്മി നേതാക്കൾ നാടകം കളിക്കുകയാണെന്ന് ബി.ജെ.പി ഡൽഹി ഘടകം അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ തിരിച്ചടിച്ചു. ശ്രദ്ധ തിരിച്ചുവിടാനും അരാജകത്വമുണ്ടാക്കാനുമാണ് ശ്രമം. മുഖ്യമന്ത്രി അതിഷി താമസിക്കുന്ന ഔദ്യോഗിക വസതിയിലേക്ക് മാദ്ധ്യമങ്ങളെയും കൂട്ടി ബി.ജെ.പി നേതാവ് എത്തുകയും ചെയ്‌തു. തനിക്ക് അനുവദിച്ച മുഖ്യമന്ത്രിയുടെ വസതി കേന്ദ്രസർക്കാർ ഇടപെട്ട് റദ്ദാക്കിയെന്ന് അതിഷി ആരോപിച്ചിരുന്നു. നിലവിൽ ഔദ്യോഗിക വസതിയിൽ താമസിക്കുന്ന അതിഷി, വീണ്ടും വസതി ആവശ്യപ്പെടുന്നത് എന്തിനെന്ന് വിരേന്ദ്ര സച്ച്ദേവ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |