കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ജംഗ്ഷനുകളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളെല്ലാം പൊളിച്ചുനീക്കിയതോടെ യാത്രക്കാർ വെയിലേറ്റ് വലയുന്നു. പല ജംഗ്ഷനുകളിലും വ്യാപാര സ്ഥാപനങ്ങൾ സർവീസ് റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ കയറിനിൽക്കാൻ കടത്തിണ്ണ പോലുമില്ലാത്ത അവസ്ഥയാണ്.
വേനൽ കടുത്തതോടെ രാവിലെ ഒൻപത് മുതൽ തന്നെ കൊടും വെയിലാണ്. ഈ സമയത്താണ് ജീവനക്കാരും വിദ്യാർത്ഥികളും ബസ് സ്റ്റോപ്പുകളിലേക്ക് എത്തുന്നത്. ഉച്ചയാകുമ്പോൾ ആശുപത്രികൾ, വിവിധ സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പോകാൻ വൃദ്ധരടക്കം ജംഗ്ഷനുകളിലേക്ക് ബസ് കയറാനെത്തും. വെയിൽ ഏൽക്കാതിരിക്കാൻ ഇവർ കടത്തിണ്ണകളിൽ അഭയം തേടുന്നത് പലപ്പോഴും വ്യാാപാരികളുമായും തർക്കത്തിന് ഇടയാക്കുന്നു.
വശങ്ങളിൽ സ്ഥലമില്ല
ഭൂരിഭാഗം ജംഗ്ഷനുകളിലും പുതിയ കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കാൻ ഇടമില്ലാത്ത അവസ്ഥയാണ്. ദേശീയപാത വികസനത്തിനായി ജംഗ്ഷനുകളിലും 45 മീറ്റർ വീതിയിലാണ് സ്ഥലമേറ്റെടുത്തത്. സർവീസ് റോഡിനോട് ചേർന്നുള്ള ഓടയ്ക്ക് ശേഷം ജംഗ്ഷനുകളിൽ ഒരു മീറ്റർ യൂട്ടിലിറ്റി ഏരിയ മാത്രമാണ് അവശേഷിക്കുന്നത്. തൊട്ടുചേർന്ന് വ്യാപാര സ്ഥാപനങ്ങളാണ്. അതുകൊണ്ട് ജംഗ്ഷനുകളിൽ നേരത്തെ ഉണ്ടായിരുന്ന സ്ഥലങ്ങളിലെങ്ങും പുതിയ കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കാനാകില്ല. എല്ലാ ജംഗ്ഷനുകളിലും കാത്തിരിപ്പ് കേന്ദ്രങ്ങൾ ദേശീയപാത വികസനത്തിന്റെ രൂപരേഖയിലുണ്ട്. എന്നാൽ സ്ഥലമുള്ളിടങ്ങളിൽ മാത്രം നിർമ്മിക്കാനാണ് ദേശീയപാത അതോറിട്ടിയുടെ ആലോചന.
പൊടിശല്യം
പൊരിവെയിലിന് പുറമേ പൊടിശല്യവും യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നുണ്ട്. നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലെ പൊടിശല്യം ഒഴിവാക്കാൻ റോഡ് നനയ്ക്കണമെന്ന് ജില്ലാ ഭരണകൂടം അടക്കം കരാറുകാർക്ക് നിർദ്ദേശം നൽകിയിരുന്നതാണ്. വേനൽ കടുത്തതോടെ പൊടിശല്യം രൂക്ഷമായിട്ടും വല്ലപ്പോഴും മാത്രമാണ് റോഡ് നനയ്ക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |