തൃശൂർ: അടുത്ത സീസണിൽ നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷന് തുടക്കം. എട്ട് ദിവസത്തിനിടെ 13,154 കർഷകരാണ് രജിസ്റ്റർ ചെയ്തത്. ജനവരി ഒന്നു മുതൽ മേയ് 31 വരെയുള്ള കാലയളവിലേക്കുള്ള സപ്‌ളൈകോ നെല്ല് സംഭരണത്തിനുള്ള രജ്‌സട്രേഷനാണ് തുടങ്ങിയത്. സംഭരിക്കുന്ന നെല്ലിന്റെ വില ബാങ്കുകൾ മുഖേനയാണ് നൽകുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി നെല്ല് കൊടുത്താലും മാസങ്ങൾക്കു ശേഷമാണ് കർഷകർക്ക് കിട്ടുന്നത്. ഇത് വ്യാപക പ്രതിഷേധത്തിനും വഴിവച്ചിരുന്നു. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ തുക നൽകാത്തതിനാൽ നിരവധി സമരങ്ങൾ വിവിധ കർഷക സംഘടനകൾ സംഘടിപ്പിച്ചിരുന്നു. സർക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് തുക നൽകുന്നതിലെ കാലതാമസത്തിന് കാരണം. കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിന്റെ വില ഇപ്പോഴും മുഴുവനായി നൽകിയിട്ടില്ല. ഡിസംബർ 31 വരെ ആദ്യവിളയും ജനുവരി ഒന്ന് മുതൽ രണ്ടാം വിളയും എന്ന നിലയിലാണ് സപ്ലൈകോയുടെ നെല്ലുസംഭരണം നടക്കുന്നത്.
കഴിഞ്ഞ സീസണിൽ നെല്ല് സംഭരിച്ച 127 കർഷകർക്ക് ഇനിയും വില ലഭിച്ചിട്ടില്ല. 65.52 ലക്ഷം രൂപയാണ് കൊടുക്കാനുള്ളത്. ബാങ്ക് വഴി പണം ലഭിക്കാത്തതിനെത്തുടർന്ന് സപ്ലൈകോയിൽ അപേക്ഷ നൽകിയവരാണ് കാത്തിരിക്കുന്നത്. ഇവരുടെ അപേക്ഷകൾ ഹെഡ് ഓഫീസിലേക്ക് അയച്ചിട്ടുണ്ടെങ്കിലും ബാങ്കുകളിൽ നിന്ന് പണം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷമാകും തുടർനടപടിയത്രെ. അതേസമയം സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം തുക ലഭിക്കാൻ ഇനിയും വൈകുമെന്നാണ് ആശങ്ക.
കഴിഞ്ഞ തവണ രജിസ്റ്റർ ചെയ്തത്: 34,689
ജനുവരിയിൽ ഇതുവരെ രജിസ്‌റ്റർ ചെയ്തത്: 13,154
ഒന്നാം സീസൺ (സെപ്തം - ഡിസം.) രജിസ്‌ട്രേഷൻ: 1748
ഒന്നാം സീസണിൽ സംഭരിച്ച നെല്ല്: 1916 മെട്രിക് ടൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |