തൃശൂർ: മലയാള ഗാനശാഖയ്ക്ക് ഭാവഗരിമയുടെ ഈണം പകർന്ന പി.ജയചന്ദ്രൻ നാദസൗഭഗത്തിന്റെ ശ്രുതിതാഴ്ത്തി വിടവാങ്ങി. ഇന്നലെ രാത്രി 7.54 നായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടോളം മലയാളികളെ സംഗീതത്തിന്റെ ഹൃദയതാളത്തിലേക്ക് ചേർത്തുനിറുത്തിയ ജയചന്ദ്രന് 80 വയസായിരുന്നു.
കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് അദ്ദേഹം ഒരാഴ്ചയിലേറെയായി അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം ആശുപത്രി വിട്ടെങ്കിലും ഇന്നലെ രോഗം ഗുരുതരമായതിനെത്തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണസമയത്ത് ഭാര്യയും മക്കളും കൂടെയുണ്ടായിരുന്നു. പൂങ്കുന്നം സീതാറാം മിൽ ലൈനിൽ ഗുൽ മോഹർ ഫ്ലാറ്റിലായിരുന്നു താമസം. ഇന്നു രാവിലെ എട്ടിന് പൂങ്കുന്നത്തെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് 12.30 വരെ സംഗീത നാടക അക്കാഡമിയിൽ പൊതുദർശനമുണ്ടാകും. നാളെ വൈകിട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയത്ത് ശ്മശാനത്തിൽ സംസ്കാരം നടക്കും. എറണാകുളം രവിപുരത്ത് 1944 മാർച്ച് മൂന്നിന് രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ചു മക്കളിൽ മൂന്നാമനായി ജനനം. 1958ൽ തിരുവനന്തപുരത്ത് നടന്ന രണ്ടാമത്ത സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗത്തിൽ ഒന്നാം സ്ഥാനവും ലളിതഗാനത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും യേശുദാസ് ആയിരുന്നു ഒന്നാമത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദം നേടിയ ശേഷം മദ്രാസിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കു കയറി. ചലച്ചിത്രഗാനാലാപനത്തിൽ ശ്രദ്ധേയനായതോടെ ജോലി ഉപേക്ഷിച്ചു. ഭാര്യ: ലളിത. മകൾ ലക്ഷ്മി. മകൻ ഗായകനായ ദിനനാഥ്. നഖക്ഷതങ്ങൾ ഉൾപ്പെടെ സിനിമകളിലും ജയചന്ദ്രൻ അഭിനയിച്ചിട്ടുണ്ട്.
ലളിതഗാനങ്ങളും കാലാതീതം
ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലേ, ജയദേവ കവിയുടെ ഗീതികൾ കേട്ടെന്റെ രാധേ, സ്മൃതിതൻ ചിറകിലേറി ഞാനെൻ തുടങ്ങിയ ലളിതഗാനങ്ങളും ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എന്ന ആൽബം ഗാനവും ഇന്നും മലയാളികളുടെ നാവിൻതുമ്പിലുണ്ട്.
15000 ലേറെ ഗാനങ്ങൾ
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 15000 ലേറെ ഗാനങ്ങൾ പാടിയ ജയചന്ദ്രൻ, മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അഞ്ചു തവണയും നേടി. കേരള സർക്കാരിന്റെ ജെ.സി. ഡാനിയൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി ബഹുമതിയും നാലുവട്ടം തമിഴ്‌നാട് സംസ്ഥാന സർക്കാർ പുരസ്‌കാരവും ലഭിച്ചു. 1986ൽ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സർവ ശരണ്യവിഭോ എന്ന ഗാനത്തിലൂടെയാണ് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരമെത്തിയത്.
ജി. ദേവരാജന്റെ കണ്ടെത്തൽ
ജി. ദേവരാജന്റെ കണ്ടെത്തലായിരുന്നു പി. ജയചന്ദ്രൻ. ദേവരാജൻ മാസ്റ്ററില്ലെങ്കിൽ താനൊരിക്കലും ഗായകനാവില്ലായിരുന്നുവെന്ന് ജയചന്ദ്രൻ പറയുമായിരുന്നു. ചെന്നൈയിൽ ഒരു ഗാനമേളയിൽ ജയചന്ദ്രന്റെ ഗാനം കേട്ട ശോഭന പരമേശ്വരൻ നായരും എ. വിൻസെന്റുമാണ് സിനിമയിൽ പാടാൻ വിളിച്ചത്. 1965ൽ കുഞ്ഞാലിമരയ്ക്കാർ എന്ന സിനിമയിൽ പി. ഭാസ്‌കരൻ എഴുതി ചിദംബരനാഥ് സംഗീതം നൽകിയ 'ഒരു മുല്ലപ്പൂമാലയുമായി' എന്ന ഗാനം ആലപിച്ചു. പാട്ടു കേട്ട ജി. ദേവരാജൻ കളിത്തോഴൻ എന്ന ചിത്രത്തിൽ അവസരം നൽകി. ആ ചിത്രത്തിലെ 'മഞ്ഞലയിൽ മുങ്ങിത്തോർത്തി' എന്ന പാട്ട് എക്കാലത്തെയും ഹിറ്റുകളിലൊന്നായി. പാടി പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രഗാനവും അതായിരുന്നു.
അസുലഭ ഭാവഗാനങ്ങൾ
നീലഗിരിയുടെ സഖികളെ, സ്വർണഗോപുര നർത്തകീശില്പം, അഷ്ടപദിയിലെ നായികേ, തിരുവാഭരണം ചാർത്തി വിടർന്നു, കാറ്റുമൊഴുക്കും കിഴക്കോട്ട്, രാജീവനയനേ നീയുറങ്ങൂ, റംസാനിലെ ചന്ദ്രികയോ, നന്ദ്യാർവട്ട പൂ ചിരിച്ചു, അനുരാഗ ഗാനം പോലെ, ഹർഷബാഷ്പംചൂടി, ഏകാന്ത പഥികൻ , ശരദിന്ദു മലർദീപനാളം, യദുകുല രതിദേവനെവിടെ, സന്ധ്യക്കെന്തിനു സിന്ദൂരം, നിൻമണിയറയിലെ നിർമലശയ്യയിലെ, ഉപാസന ഉപാസനാ, മല്ലികപ്പൂവിൻ മധുരഗന്ധം, മധുചന്ദ്രികയുടെ ചായത്തളികയിൽ, നുണക്കുഴിക്കവിളിൽ നഖചിത്രമെഴുതും, കരിമുകിൽ കാട്ടിലെ, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു, കേവലമർത്യഭാഷ, പ്രായം തമ്മിൽ മോഹം നൽകി, കല്ലായിക്കടവത്തെ, വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ, കേരനിരകളാടും ഒരു ഹരിത ചാരുതീരം, നീയൊരു പുഴയായ് തഴുകുമ്പോൾ, ആരാരും കാണാതെ ആരോമൽ തൈമുല്ല, എന്തേ ഇന്നും വന്നീല....
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |