തിരുവനന്തപുരം: പാർട്ടി അംഗങ്ങൾക്ക് മദ്യപാനശീലമുണ്ടെങ്കിൽ അത് വീട്ടിൽ വച്ചായിക്കോയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടി അംഗങ്ങൾക്കുള്ള മദ്യപാന വിലക്ക് നീക്കിക്കൊണ്ടുള്ള പാർട്ടി പ്രവർത്തന രേഖയിലെ ഭേദഗതിയെക്കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. ഇനി പുതിയ മാർഗരേഖ ജില്ലാ കൗൺസിലിൽ ചർച്ച ചെയ്യും. ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. മദ്യം കഴിക്കരുതെന്ന പാർട്ടിയുടെ മാർഗരേഖയാണ് മാറ്റിയിരിക്കുന്നത്.
'മദ്യവർജനമാണ് പാർട്ടിയുടെ നയം നിരോധനമല്ല. പാർട്ടി അംഗങ്ങൾ മദ്യപാനം വീട്ടിൽ വച്ചായിക്കോ. അംഗങ്ങൾ പരസ്യമായി മദ്യപിച്ച് ജനങ്ങൾക്ക് മുന്നിൽ നാലുകാലിൽ വരാൻ പാടില്ല. മദ്യപാന ശീലം ഉണ്ടെങ്കിൽ അതിനെ തടയാൻ പാർട്ടി ആരുമല്ല. പക്ഷേ ഉത്തരവാദിത്തതോടെ പൊതുസമൂഹത്തിൽ ഇടപെടണം',- ബിനോയ് വിശ്വം പറഞ്ഞു.
പാർട്ടി സംസ്ഥാന കൗൺസിൽ അംഗീകരിച്ച പുതിയ പെരുമാറ്റച്ചട്ടത്തിലാണ് 33 വർഷത്തിനൊടുവിൽ മദ്യം സംബന്ധിച്ച നിലപാട് തിരുത്തുന്നത്. പ്രവർത്തകർക്ക് മദ്യപിക്കാം. എന്നാൽ അമിതമാവരുതെന്നാണ് നിർദേശം. നേതാക്കളും പ്രവർത്തകരും മദ്യപാനം പതിവാക്കരുതെന്നും പൊതുസ്ഥലങ്ങളിൽ മദ്യപിച്ച് പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കും വിധം പ്രവർത്തിക്കരുതെന്നും നിർദേശമുണ്ട്.
വഴിയടച്ചുള്ള സമരത്തിൽ കോടതി നിർദേശം അനുസരിച്ച് ഹാജരാകുമെന്നും ബിനോയ് വിശ്വം അറിയിച്ചു. മനഃപ്പൂർവം സംഭവിച്ചതല്ല. കോടതിയിൽ ഹാജരായി കാര്യങ്ങൾ അറിയിക്കും. ജനങ്ങൾക്ക് സമരം ചെയ്യാൻ അവകാശം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |