ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസെടുത്തു
ഡി.സി.സി പ്രസിഡന്റടക്കം 3പേരെയും പ്രതികളാക്കി
സുൽത്താൻ ബത്തേരി: വയനാട് ഡി.സി.സി ട്രഷററർ എൻ.എം.വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവത്തിൽ സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി.ബാലകൃഷ്ണനെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനാണ് രണ്ടാം പ്രതി. ഡി.സി.സി മുൻ ട്രഷറർ കെ.കെ.ഗോപിനാഥ് മൂന്നാം പ്രതിയും അന്തരിച്ച മുൻ ഡി.സി.സി പ്രസിഡന്റ് പി.വി.ബാലചന്ദ്രനെ നാലാം പ്രതിയാക്കിയും കേസെടുത്തു. എം.എൽ.എ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് അടക്കമുള്ള തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
വിജയന്റെയും മകന്റെയും മരണത്തിൽ നേരത്തെ അസ്വഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. അർബൻ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകൾ വിശദീകരിച്ച് വിജയൻ കെ.പി.സി.സി നേതൃത്വത്തിന് എഴുതിയ കത്തിൽ ഇവരുടെ പേരുമുണ്ട്. മാനസികാഘാതം മൂലം മരണത്തിനിട വന്നാൽ അതിന് ഉത്തരവാദികൾ ഇവരാണെന്നും മക്കൾക്കും കുടുംബത്തിനും ഉണ്ടാകുന്ന നഷ്ടത്തിനുത്തരവാദികളും അവർ തന്നെയായിരിക്കുമെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു.
അതേസമയം, പ്രതി ചേർക്കപ്പെട്ടവർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം. വയനാട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന അന്തരിച്ച പി.വി.ബാലചന്ദ്രൻ അവസാന കാലയളവിൽ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നിരുന്നു. വിജയൻ കെ.പി.സി.സിക്ക് എഴുതിയ കത്തിലെയും മകന് എഴുതി വച്ച കത്തിലെയും കൈപ്പടകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. വിജയന്റെയും മകൻ ജിജേഷിന്റെയും മൊബൈൽ ഫോണുകൾ അന്വേഷണസംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇവ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരികയാണ്.
കോൺഗ്രസ്
പ്രതിരോധത്തിൽ
എം.എൽ.എയും ഡി.സി.സി പ്രസിഡന്റടക്കമുള്ള നേതാക്കളും പ്രതിപട്ടികയിലായതോടെ കെ.പി.സി.സി നേതൃത്വം കടുത്ത പ്രതിരോധത്തിലായി. കെ.കെ.ഗോപിനാഥ് പാർട്ടി അച്ചടക്ക നടപടികൾക്ക് വിധേയമായി പുറത്താണ്. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബമുൾപ്പെടെ പാർട്ടി നേതൃത്വത്തിനെതിരെ തിരിഞ്ഞിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കെ.പി.സി.സി സമിതി അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തത്. കൂടുതൽ പേർ കേസിൽ കുടുങ്ങുമോയെന്ന ആശങ്കയും പാർട്ടിക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |