കവളപ്പാറ: കേരളത്തെ നടുക്കി വീണ്ടും ഒരു ദുരന്തം കൂടി ഉണ്ടായി. ആ ദുരന്തത്തിൽ കവളപ്പാറയിൽ മാത്രം നാൽപ്പതിൽക്കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടമായി. അന്ന് പുത്തലവൻ അഷ്റഫ് എന്ന പ്രവാസിയുടെ സ്വപ്നങ്ങൾ കൂടിയാണ് ആ മണ്ണിനടിയിൽ അകപ്പെട്ടുപോയത്. പന്ത്രണ്ട് വർഷത്തെ പ്രവാസജീവിതത്തിൽ നിന്ന് സ്വരുകൂട്ടിയ പണം കൊണ്ട് മാസങ്ങൾക്ക് മുമ്പാണ് സ്വപ്നഭവനത്തിന്റെ പണി തീർത്തത്.
ഓരോ തവണ നാട്ടിൽ വരുമ്പോഴും ഘട്ടം ഘട്ടമായാണ് വീട് പണിതത്. പണി പൂർത്തിയാക്കിയാണ് കഴിഞ്ഞ തവണ അദ്ദേഹം സൗദിക്ക് വിമാനം കയറിയത്. അടുത്ത തവണ നാട്ടിൽ വരുമ്പോൾ തന്റെ വീട്ടിൽ സുഖമായി ഉറങ്ങണം എന്ന സ്വപ്നവും പേറിയാണ് അഷ്റഫ് യാത്രയായത്. ഒറ്റ നിമിഷം കൊണ്ടാണ് എല്ലാം തകർന്നത്. വീട് നിന്ന സ്ഥലം ഇപ്പോൾ ആറടിയോളം ഉയരമുള്ള മൺകൂനയാണ്.
ഭാഗ്യം കൊണ്ട് മാത്രമാണ് ഭാര്യയും മൂന്ന് മക്കളെയും തിരിച്ച് കിട്ടിയത്. മരങ്ങൾ വീഴുന്നേ എന്ന അയൽവാസിയുടെ നിലവിളി കേട്ടാണ് അഷ്റഫിന്റെ ഭാര്യ ജസ്ന മക്കളെയും വിളിച്ച് പുറത്തേക്കോടിയത്. അരമണിക്കൂറുകൊണ്ട് വീടിന് മുകളിൽ മരങ്ങളും മണ്ണും വീണു. കവളപ്പാറ ദുരന്തത്തെപ്പറ്റി അറിഞ്ഞയുടൻ കൈയ്യിലുള്ള പൈസയ്ക്ക് അടുത്ത വിമാനം പിടിച്ച് നാട്ടിലെത്തി. വീടിന്റെ സ്ഥാനത്ത് മൺകൂന, ഹൃദയം തകർന്ന നിമിഷം. നാൽപ്പത് സെൻറ് സ്ഥലവും ആ വീടുമായിരുന്നു അഷറഫിന്റെ ആകെയുള്ള സമ്പാദ്യം. എല്ലാം ഒറ്റ നിമിഷം കൊണ്ട് പോയി. ഇപ്പോൾ തൽക്കാലത്തേക്ക് വാടക വീട്ടിലേക്ക് മാറാനുള്ള തീരുമാനത്തിലാണ് അഷറഫ്. സർക്കാരും സുമനസുകളും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് നാൽപ്പതുകാരനായ ഈ പ്രവാസി. കുടുംബം പോറ്റാൻ അധികം വൈകാതെ സൗദിയിലേക്ക് മടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |