കോഴിക്കോട്: സംസ്ഥാനത്ത് പത്ത് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ മരിച്ച 847 പേരിൽ 540ഉം പാമ്പുകടിയേറ്റെന്ന് കണക്കുകൾ.
2024ൽ 30 പേർ പാമ്പുകടിയേറ്റ് മരിച്ചതിൽ 26 പേരുടേതും പ്രതിരോധം, ചികിത്സ എന്നിവയിലുണ്ടായ പാളിച്ചയാണെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. സമയത്ത് ആശുപത്രിയിലെത്തിക്കുന്നതിലും വീഴ്ചയുണ്ടായി. നിലമ്പൂരിൽ ഈയിടെ വിദ്യാർത്ഥി മരിച്ചത് അലോപ്പതി ചികിത്സ നേടാൻ വെെകിയതു മൂലമാണ്. മനുഷ്യർക്കു പുറമേ പശുക്കളും പോത്തുകളും ആടുകളും പാമ്പുകടിയേറ്റ് ചാകുന്നു.
ഇതിനു പുറമേയാണ് കാട്ടാനയുൾപ്പെടെയുള്ള വന്യജീവി ആക്രമണത്തിലെ മരണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 39,484 ആക്രമണങ്ങളുണ്ടായി. എട്ട് വർഷത്തിനിടെ 200 പേർ കാട്ടാനയാക്രമണത്തിൽ മരിച്ചു. ഇക്കാലത്ത് കാട്ടുപന്നി ആക്രമണത്തിൽ നാൽപ്പത്തിയാറും കടുവ ആക്രമണത്തിൽ എട്ടും തേനീച്ച, കടന്നൽ കുത്തേറ്റ് 30 പേരും മരിച്ചു.
അടുത്ത അഞ്ച് വർഷത്തിനിടെ പാമ്പ്കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ഇതിനായി പാമ്പുവിഷബാധ ജീവഹാനിരഹിത കേരളം പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്.
ബോധവത്കരണം ആദ്യഘട്ടം
മികച്ച ചികിത്സയും പ്രതിരോധവും ഊർജ്ജിതപ്പെടുത്തി പാമ്പുകടി മരണം പകുതിയാക്കുകയാണ് ആദ്യഘട്ടത്തിലെ ലക്ഷ്യം. ആരോഗ്യം, റവന്യൂ, വെറ്ററിനറി, മൃഗസംരക്ഷണം, വിദ്യാഭ്യാസം, ദുരന്തനിവാരണ വകുപ്പുകളും സഹകരിക്കും. വനംമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ആദ്യഘട്ടയോഗം കഴിഞ്ഞു. താമസിയാതെ പരിശീലനം തുടങ്ങും. പാമ്പുകടിയേറ്റാൽ ബ്ളേഡ് കൊണ്ട് മുറിവ് കീറുന്നതും വിഷവെെദ്യനെ കാണിക്കുന്നതുമുൾപ്പെടെയുള്ള തെറ്റിദ്ധാരണകൾ മാറ്റും.
2024ൽ മരണം
പാമ്പ് കടി.... 30
തേനീച്ച, കടന്നൽ.... 12
കാട്ടാന.... 6
പന്നി.... 6
മുള്ളൻപന്നി.... 1
പാമ്പുകടി മരണം ഗണ്യമായി കുറയ്ക്കുന്നതിന് വിദ്യാർത്ഥികൾ ഉൾപ്പെടെ യുവതലമുറയ്ക്ക് പരിശീലനം നൽകും.
- മുഹമ്മദ് അൻവർ
അസി. കൺസർവേറ്റർ
ബയോ ഡെെവേഴ്സിറ്റി സെൽ, വനം വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |