കാൻബറ: ഓസ്‌ട്രേലിയയിൽ പാമ്പ് കടിയേറ്റ് പതിനൊന്നുകാരൻ മരിച്ചു. ട്രിസ്റ്റിയൻ ജെയ്‌മെസ് ഫ്രാം എന്ന കുട്ടിയാണ് മരിച്ചത്. പിതാവിന്റെ ഉത്തരവാദിത്തമില്ലായ്മയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്. 2021 നവംബറിലായിരുന്നു കുട്ടി മരിച്ചത്. എന്നാൽ ഇതുമായി ബന്ധപ്പെട്ടുള്ള കേസ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കുറ്റപത്രം പുറത്തുവന്നത്.
പാമ്പ് കടിയേറ്റ വിവരം കുട്ടി പിതാവിനോട് പറഞ്ഞിരുന്നു. എന്നാൽ പിതാവ് അത് ഗൗരവമായി എടുത്തില്ല. മകനെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം ഉറങ്ങാനായിരുന്നു ഇയാൾ നിർദേശിച്ചത്. ആന്തരിക രക്തസ്രാവം മൂലമായിരുന്നു കുട്ടിയുടെ മരണം. കുട്ടിയ്ക്ക് ശരിയായ സമയത്ത് ചികിത്സ കിട്ടിയിരുന്നെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നാണ് കുറ്റപത്രത്തിലുള്ളത്.
പാമ്പ് കടിയേറ്റാൽ അത് ഗൗരവമായി എടുത്ത് ചികിത്സ തേടണമെന്നാണ് ഈ സംഭവം ഓർമപ്പെടുത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടിയ്ക്ക് പാമ്പ് കടിയേറ്റ വിവരം പിതാവ് കെറോഡ് ഫ്രെയിമും മറ്റ് രണ്ട് പേരും അറിഞ്ഞിരുന്നു. മൂന്നുപേരും കുട്ടിയുടെ ശരീരം പരിശോധിച്ചെങ്കിലും കടിയേറ്റ പാട് കണ്ടെത്തിയില്ല. മകൻ മദ്യപിച്ചിട്ടുണ്ടെന്നും, അതുകൊണ്ട് രോഗിയായി അഭിനയിക്കുകയാണെന്നുമായിരുന്നു കെറോഡ് കരുതിയത്. തുടർന്ന് മകനോട് പോയി കിടന്നുറങ്ങാൻ ആവശ്യപ്പെട്ടു.
കുട്ടി ഉറങ്ങാൻ കിടന്നു, ഇതിനിടയിൽ വയറുവേദനയും ഛർദിയും അനുഭവപ്പെട്ടു. 2021നവംബർ ഇരുപത്തിരണ്ടിന് പ്രാദേശിക സമയം രാവിലെ ഒൻപതുമണിയോടെ കുട്ടിയുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹപരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ നിന്ന് മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്നും കുറ്റപത്രത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |