കിളിമാനൂർ/മടവൂർ: സ്കൂൾ ബസിൽ നിന്നിറങ്ങി ബന്ധു വീട്ടിലേക്ക് പോകവേ കേബിളിൽ തട്ടി മറിഞ്ഞു വീണതിനെ തുടർന്ന് അതേ ബസ് തലയിലൂടെ കയറിയിറങ്ങി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മടവൂർ ഗവ.എൽ.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയും മടവൂർ ചാലിൽ എം.എസ്.ഭവനിൽ മണികണ്ഠൻ- ശരണ്യ ദമ്പതികളുടെ മകളുമായ കൃഷ്ണേന്ദുവാണ് (7) മരിച്ചത്. വീടിന് മുന്നിൽ ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം.
ജോലി കഴിഞ്ഞ് രക്ഷിതാക്കൾ എത്തുംവരെ വീട്ടിൽ ആളില്ലാത്തതിനാൽ കൃഷ്ണേന്ദു അടുത്ത ബന്ധുവിന്റെ വീട്ടിലാണ് നിൽക്കുന്നത്. സ്കൂൾ ബസിൽനിന്ന് ഇറങ്ങി ഇവിടേക്ക് പോകാനായി മുന്നോട്ട് ഓടുമ്പോൾ റോഡിൽ അലക്ഷ്യമായി ഇട്ടിരുന്ന കേബിളിൽ തട്ടി ബസിന്റെ മുന്നിലേക്ക് വീഴുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ബസ് അതിവേഗം മുന്നോട്ടെടുത്തതാണ് അപകടത്തിന് ഇടയാക്കിയത്. ശരീരത്തിലൂടെ ബസ് കയറിയിറങ്ങി കുട്ടി തൽക്ഷണം മരിച്ചു. പിന്നിലുണ്ടായിരുന്ന ഓട്ടോയുടെ ഡ്രൈവർ അലറി വിളിച്ചപ്പോഴാണ് ബസ് നിറുത്തിയത്.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. പിതാവ് കിളിമാനൂർ കെ.എസ്. ആർ.ടി.സി ഡിപ്പോയിലെ എംപാനൽ ഡ്രൈവറും മാതാവ് മടവൂർ തകരപ്പറമ്പിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരിയുമാണ്. സഹോദരൻ കൃഷ്ണനുണ്ണി മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി. സ്കൂൾ ബസ് ഡ്രൈവർ ബിജുവിനെതിരെ പള്ളിക്കൽ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |