കണ്ണൂർ: മട്ടന്നൂരിൽ സ്വകാര്യ ബസിലേക്ക് കാർ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട മറ്റ് നാല് പേരുടെ നില ഗുരുതരമാണ്. മട്ടന്നൂർ സംസ്ഥാനപാതയിൽ ഇന്ന് രാവിലെ എട്ട് മണിയോടുകൂടിയായിരുന്നു അപകടം. കർണാടക രജിസ്‌ട്രേഷൻ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ പൂർണമായും തകർന്ന നിലയിലാണ്.
തലശേരി ഭാഗത്തേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്. കാർ ഇരിട്ടി ഭാഗത്തേക്കാണ് പോയിരുന്നത്. ബസ് സ്‌റ്റോപ്പിൽ നിർത്തിയ സമയത്ത് നിയന്ത്രണം വിട്ടുവന്ന കാർ ബസിലേക്ക് വന്നിടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കാറിൽ ആറുപേരാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. അഗ്നിരക്ഷാസേന എത്തി വളരെ പണിപ്പെട്ടാണ് കാറിനുള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. മട്ടന്നൂർ പൊലീസും അപകട സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം, തൃശൂരിൽ കെഎസ്ആർടിസി ബസും പെട്ടി ഓട്ടോറിക്ഷയും ഇടിച്ചുണ്ടായ അപകടത്തിൽ നാലുവയസുകാരി മരിച്ചു. മുള്ളൂർക്കര സ്വദേശിയായ നൂറ ഫാത്തിമയാണ് മരിച്ചത്. വടക്കാഞ്ചേരിക്കടുത്ത് ഓട്ടുപാറയിൽ പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. കുട്ടിയുടെ മാതാപിതാക്കളായ ഉനൈസ് (32), ഭാര്യ റൈഹാനത്ത് (28) എന്നിവർക്കും പരിക്കേറ്റു. റൈഹാനത്ത് ഗർഭിണിയാണ്. ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വയറുവേദന മൂലം നൂറ ഫാത്തിമയെ ജില്ലാ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്വിഫ്റ്റ് ബസ്, പെട്ടി ഓട്ടോയിലിടിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
ഇന്ന് രാവിലെ കൊച്ചിയിലും സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. പറവൂരിൽ നിന്നും വൈറ്റില ഹബ്ബിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. വള്ളുവള്ളി അത്താണിയിലാണ് സംഭവം. ബസ് ഡ്രൈവർ ഉൾപ്പടെ 30 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. ബസിന്റെ മുൻവശം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റവരെ സമീപത്തെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |