തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടുമാസം മാത്രം ശേഷിക്കേ വീടുകളിൽ നിന്ന് അജൈവമാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങൾക്ക് കൂലിയിനത്തിൽ ലഭിക്കുന്നത് 12.34കോടി. കഴിഞ്ഞവർഷം 9.79കോടിയായിരുന്നു. സംസ്ഥാനത്തെ തദ്ദേശവാർഡ് അടിസ്ഥാനത്തിൽ ജോലിനോക്കുന്ന 37,000 സ്ത്രീകളാണ് ഗുണഭോക്താക്കൾ.
കാൽലക്ഷം രൂപയോളം പ്രതിമാസം വരുമാനമുണ്ടാക്കുന്ന സ്ത്രീകളുണ്ട്. ഹരിതർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങൾ തദ്ദേശവകുപ്പിന് ക്ലീൻ കേരള കമ്പനി റീസൈക്കിൾ ചെയ്ത് മൂല്യവർദ്ധിത ഉത്പന്നങ്ങളായി മാറ്റുന്നതിന് വിവിധ ഏജൻസികൾക്ക് വിൽക്കും. ഇതിലൂടെ ലഭിക്കുന്ന വരുമാനമാണ് കമ്പനി ഹരിതകർമ്മ സേനയ്ക്ക് നൽകുന്നത്. വേർതിരിച്ച പ്ലാസ്റ്റിക്കുകളുടെ ശേഖരണം വർദ്ധിക്കുന്നതാണ് കൂലി കൂടുന്നതിന്റെ കാരണം.
കഴിഞ്ഞ മൂന്നു സാമ്പത്തിക വർഷത്തിനിടെ വൻകുതിച്ചുചാട്ടമാണ് ക്ലീൻകേരളയുടെ പ്രവർത്തനത്തിലുള്ളത്. 2021-22ൽ 2.35കോടിയായിരുന്നു ഹരിതകർമ്മസേനാംഗങ്ങൾക്ക് കൂലിയായി നൽകിയത്. 2022-23ൽ 5.08കോടിയായിരുന്നതാണ് കഴിഞ്ഞ വർഷം 9കോടി കവിഞ്ഞത്. മാലിന്യം വലിച്ചെറിയുന്നത് തടയാൻ സർക്കാർ സ്വീകരിച്ച നടപടികളുടെ ഭാഗമായി പൊതുജനങ്ങൾ അജൈവമാലിന്യം ഹരിതകർമ്മസേനയ്ക്ക് നൽകുന്നതിന് കൂടുതൽ സന്നദ്ധരായെന്ന് ഹരിതകർമ്മസേനാംഗങ്ങളും പറയുന്നു. 2013ൽ ആരംഭിച്ച കമ്പനി ഇതുവരെ 35,666 മെട്രിക് ടൺ പ്ലാസ്റ്റിക്ക് 34കോടിയ്ക്കാണ് വിറ്റത്.ഇതിൽ നിന്ന് 24.42കോടിയും ഹരിതകർമ്മസേനയ്ക്ക് കൂലിയായി നൽകി.
വലിച്ചെറിയലല്ല,
ശാസ്ത്രീയം!
ഏജൻസികൾ മാലിന്യങ്ങൾ ശേഖരിച്ച് റീസൈക്കിളിംഗിന് പറ്റാത്തവ അയൽസംസ്ഥാനങ്ങളിൽ തള്ളുമ്പോൾ ക്ലീൻകേരള റീസൈക്ലിംഗിന് പറ്റാത്ത പ്ലാസ്റ്റിക്കുകൾ സിമെന്റ് കമ്പനികൾക്കാണ് നൽകുന്നത്
തമിഴ്നാട്,കർണാടക,ആന്ധ്ര എന്നിവിടങ്ങളിലെ 10കമ്പനികളുമായി ക്ലീൻകേരളയ്ക്ക് കരാറുണ്ട്.
6000 കി.മീറ്റർ റോഡായി
സിമെന്റ് കമ്പനികളും എടുക്കാത്ത പ്ലാസ്റ്റിക്ക് പൊടിച്ച് റോഡ് നിർമ്മാണത്തിന് ടാറിംഗിന് ഉപയോഗിക്കും. ഇതുവരെ 3,706മെട്രിക് ടൺ പ്ലാസ്റ്റിക്ക് പൊടിച്ച് 6000കി.മീറ്റർ റോഡ് നിർമ്മാണത്തിന് ഉപയോഗിച്ചു.
നാട് മാലിന്യമുക്തമാകുന്നതിനൊപ്പം ഹരിതകർമ്മസേനയുടെ ഭാഗമായ സ്ത്രീകളെയും സാമ്പത്തികമായി ശാക്തീകരിക്കുകയാണ്. മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യത്തിലേക്ക് വിശ്രമമില്ലാത്ത പ്രവർത്തനമാണ് നടത്തുന്നത്.
-ജി.കെ.സുരേഷ്കുമാർ,
എം.ഡി ക്ലീൻകേരള കമ്പനി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |