തൃശൂർ: ഭാവാർദ്രമായ സ്വരയൗവനം കൊണ്ട് ഹൃദയം കവർന്ന പി.ജയചന്ദ്രന് കണ്ണീർപ്പൂക്കളാൽ കലാകേരളത്തിന്റെ അന്ത്യാഞ്ജലി. ഇന്ന് വൈകിട്ട് മൂന്നരയോടെ പറവൂർ ചേന്ദമംഗലത്ത് പാലിയം തറവാട്ട് ശ്മശാനത്തിലാണ് സംസ്കാരം.
ഇന്ന് രാവിലെ ഏഴിന് പൂങ്കുന്നത് ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് എട്ടിന് ജയചന്ദ്രൻ പഠിച്ച ഇരിങ്ങാലക്കുട നാഷണൽ സ്‌കൂൾ അങ്കണത്തിൽ പൊതുദർശനം. അവിടെ നിന്ന് ചേന്ദമംഗലത്തേക്ക് കൊണ്ടുപോകും. ശ്രീകുമാരൻ തമ്പി, മമ്മൂട്ടി തുടങ്ങി സിനിമാ മേഖലയിലെ വലിയൊരു നിരതന്നെ ഇന്നലെ പൂങ്കുന്നത്തെ വസതിയിലും സംഗീത നാടക അക്കാഡമിയിലുമായെത്തി. ഇതിനു പുറമേ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിലെ ആയിരങ്ങളാണ് എത്തിയത്.
ആശുപത്രിയിൽ നിന്ന് രാവിലെ ഒൻപതരയോടെയാണ് ഭാര്യ ലളിതയുടെ തറവാടായ പൂങ്കുന്നം തോട്ടയ്ക്കാട്ട് ലെയ്നിലെ മണ്ണത്ത് വീട്ടിൽ ഭൗതികദേഹം എത്തിച്ചത്. കുടുംബാംഗങ്ങളും ബന്ധുക്കളും നിറകണ്ണുകളോടെ ഏറ്റുവാങ്ങി. ഒരു മണിക്കൂറിലേറെ പൊതുദർശനത്തിനുശേഷം 10.45ന് സംഗീതനാടക അക്കാഡമിയിലെത്തിച്ചു. ജയചന്ദ്രൻ പാടിയ പാട്ടുകൾ അന്തരീക്ഷത്തിൽ തളംകെട്ടി. രാവിലെ മുതൽ സാംസ്‌കാരിക കേരളത്തിന്റെ പരിച്ഛേദം തന്നെ അക്കാഡമിയിൽ സാന്നിദ്ധ്യമറിയിച്ചു.വീണ്ടും ഒരു മണിയോടെ പൂങ്കുന്നത്തെ വസതിയിലേക്ക് മാറ്റി.ഭാര്യയ്ക്കും മക്കൾക്കുമൊപ്പം മരുമകൾ സുമിത, പേരക്കുട്ടി നിവേദ, സഹോദരൻ കൃഷ്ണകുമാർ എന്നിവരും വീട്ടിലുണ്ടായിരുന്നു.
ജയചന്ദ്രന്റെ ഭാവതീവ്രമായ ആലാപനങ്ങൾ വരുംതലമുറയുടെ ഹൃദയങ്ങളെ സ്പർശിക്കും.ഇതിഹാസ ശബ്ദത്താൽ അനുഗൃഹീതനായിരുന്നു അദ്ദേഹം
-പ്രധാനമന്ത്രി
നരേന്ദ്രമോദി
എന്നും അനുജന്റെ സ്ഥാനം : യേശുദാസ്
എന്നും സ്വന്തം അനുജന്റെ സ്ഥാനമായിരുന്നു പി.ജയചന്ദ്രന് തന്റെ ജീവിതത്തിൽ ഉണ്ടായിരുന്നതെന്ന് ഗാനഗന്ധർവ്വൻ കെ.ജെ.യേശുദാസ് പറഞ്ഞു. ജയചന്ദ്രന്റെ വിയോഗത്തിൽ അങ്ങേയറ്റം ദുഃഖമുണ്ട്. പക്ഷേ ഓർമകൾ മാത്രമേ ഇനി പറയാനും അനുഭവിക്കാനും നമ്മുടെ കൈയിൽ ഉള്ളൂ- അമേരിക്കയിൽ നിന്ന് കേരളകൗമുദിക്കയച്ച സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
ഞങ്ങളെ ബന്ധപ്പെടുത്തിയത് അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ സുധാകരനുമായുള്ള അടുപ്പമായിരുന്നു . മഹാലിംഗപുരം അയ്യപ്പൻ കോവിലിന്റെ അടുത്ത് പാലിയത്ത് കുടുംബകാരെല്ലാവരും ചേർന്ന് താമസിച്ചിരുന്ന ഒരു പ്രത്യേക സ്ഥലത്ത് ഞങ്ങളെല്ലാം കൂടുമായിരുന്നു. അന്ന് ജയചന്ദ്രൻ വളരെ ചെറുപ്പമായിരുന്നു. വളരെ സുമുഖനായിട്ട് ഒരു കൊച്ച് അനിയനെ പോലെ ഞങ്ങളുടെ കൂടെ വന്ന് സംസാരിക്കുകയും ബന്ധപ്പെടുകയും ചെയ്തു. സംഗീതമാണ് ഞങ്ങളെ കൂടുതൽ അടുപ്പിച്ചത്. ആ സംഗീത ബന്ധത്തിൽ ഒരു സഹോദര സ്ഥാനം അദ്ദേഹം കൈവരിച്ചിരുന്നു. അത് വേർപ്പെട്ടപ്പോഴുണ്ടായ ദുഃഖം പറഞ്ഞറിയിക്കാൻ വയ്യ. എന്തായാലും ജയനെ സ്നേഹിച്ചിരുന്നതും ജയന്റെ പാട്ടുകൾ കേട്ട് രസിച്ചിരുന്നവരെയും പോലെ തന്നെ ഈ വേർപാടിൽ എനിക്കും അതീവമായ ദുഃഖമുണ്ട് .ഒന്നു നേരിൽ കാണാൻ കഴിഞ്ഞില്ല.ഇടയ്ക്ക് നാട്ടിലേക്ക് വരാൻ ഒരുങ്ങിയപ്പോൾ കാണാമല്ലോയെന്ന് ആശ്വസിച്ചു.പക്ഷെ അതു നടക്കാതെ പോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |