മരണം അയൽക്കാർ പോലുമറിഞ്ഞില്ല
ഇന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം
നെയ്യാറ്റിൻകര: സ്വന്തമായി ക്ഷേത്രവും ആശ്രമവും നടത്തുന്ന വൃദ്ധന്റെ മരണവിവരം പുറത്തറിയിക്കാതെ മക്കൾ സമാധിയിരുത്തിയതിൽ ദുരൂഹത. നാട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് മേൽനടപടികൾ തുടങ്ങി. ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. സ്ഥലം സീൽ ചെയ്തിട്ടുണ്ട്. പൊലീസ് കാവലും ഏർപ്പെടുത്തി.
ആറലുംമൂട് അതിയന്നൂർ കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ ഗോപൻ സ്വാമിയാണ് (78) ദുരൂഹ സാഹചര്യത്തിൽ മരിച്ചതും മക്കൾ മറവുചെയ്തതും. ഗോപൻ സാമി വ്യാഴാഴ്ച സമാധിയായെന്ന് മക്കൾ തന്നെ വീട്ടുപരിസരത്ത് അടുത്ത ദിവസം നോട്ടീസ് പതിപ്പിച്ചു. മരണവിവരം അപ്പോഴാണ് നാട്ടുകാർ അറിയുന്നത്. സംശയം തോന്നി പൊലീസിൽ അറിയിച്ചു.
നെയ്യാറ്റിൻകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനോടു ചേർന്നാണ് കുടുംബക്ഷേത്രവും ആശ്രമവും. ക്ഷേത്ര പരിസരത്ത് മണ്ഡപം കെട്ടി ഗോപാല സ്വാമിയെ സമാധിയിരുത്തി ഭസ്മം നിറച്ച ശേഷം കോൺഗ്രീറ്റ് സ്ലാബിട്ട് മൂടുകയായിരുന്നു. മക്കളായ സനന്ദനും രാജസേനനും ചേർന്നാണ് ഇതൊക്കെ ചെയ്തത്.
ചോദ്യംചെയ്യലിൽ വിചിത്ര മറുപടിയാണ് മക്കൾ പൊലീസിന് നൽകിയത്. ആരെയും അറിയിക്കാതെ സമാധിരുത്തണമെന്നത് പിതാവിന്റെ ആഗ്രഹമായിരുന്നത്രെ. ഇളയമകൻ രാജസേനനാണ് ക്ഷേത്ര പൂജാരി. താനും ജ്യേഷ്ഠനും ചേർന്നാണ് ചടങ്ങു നടത്തിയതെന്നും അമ്മയ്ക്കും തന്റെ ഭാര്യക്കും എല്ലാം അറിയാമായിരുന്നെന്നും ഇയാൾ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ 11ന് ക്ഷേത്ര പൂജയ്ക്കുശേഷം സമാധിപീഠത്തിൽ വന്നിരുന്ന് പിതാവ് ജീവൻ വെടിയുകയായിരുന്നു. തമിഴ്നാട്ടിലെ മൈലാടിയിൽ നിന്ന് കല്ലുൾപ്പെടെ കൊണ്ടുവന്ന് പിതാവ് തന്നെയാണ് സമാധിപീഠം നിർമ്മിച്ചത്. മുഹൂർത്തം തെറ്റിക്കാൻ പാടില്ലാത്തതുകൊണ്ടാണ് ആരെയും അറിയിക്കാത്തത്. അടുത്ത ദിവസം നോട്ടീസ് പതിപ്പിച്ച് എല്ലാവരെയും അറിയിച്ചു. ക്ഷേത്രം വിട്ടുകൊടുക്കാത്തതിന്റെ പകയാണ് നാട്ടുകാർക്കെന്നും രാജസേനൻ പറഞ്ഞു. സുലോചനയാണ് ഗോപസ്വാമിയുടെ ഭാര്യ.
കൊലപാതകം
സംശയിച്ച് നാട്ടുകാർ
ആറാലുംമൂട് ചന്തയിലെ ചുമട്ടുതൊഴിലാളിയായിരുന്നു ഗോപൻ. കുറച്ചുകാലം മുമ്പാണ് കുടുംബക്ഷേത്രത്തിലെ പൂജാരിയും സ്വാമിയുമായത്. പുറംലോകവുമായി അധികം ബന്ധമില്ലാത്ത കുടുംബമാണ്. ജീവനോടെ കുഴിച്ചുമൂടിയതാണോ എന്ന് സംശയിക്കുന്നെന്ന് നാട്ടുകാർ പറഞ്ഞു. വിശദമായ അന്വേഷണവും അവർ ആവശ്യപ്പെട്ടു. മക്കളെ വിശദമായി ചോദ്യംചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |